കായംകുളത്ത് പൊലീസിനെ വട്ടംചുറ്റിച്ച് മോഷ്ടാവ്. പൊലീസ് തിരഞ്ഞ് നടക്കുന്നത് അറിഞ്ഞ് ഓടയില്‍ ഒളിച്ച മോഷ്ടാവിനെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. കായംകുളം റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഓടയിലാണ് മോഷ്ടാവ് ഒളിച്ചത്. കള്ളനെ പിടിക്കാന്‍ എത്തിയ പൊലീസിന് പിന്നീട് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കേണ്ടി വന്ന അവസ്ഥയാണ് ഉണ്ടായത്. കായംകുളത്തെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇന്നലെ രാത്രി വ്യാപകമായി മോഷണ ശ്രമം നടത്തിയെന്ന പരാതി അന്വേഷിക്കാനാണ് പൊലീസ് എത്തിയത്. പൊലീസ് അന്വേഷിച്ച് എത്തിയതോടെ മോഷ്ടാവ് ഓടയില്‍ ഒളിച്ചു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ ഓടയില്‍ നിന്ന് പുറത്തെത്തിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. മോഷ്ടാവിന് സ്വയം മുകളിലേക്ക് കയറാനും സാധിക്കാതെ വന്നതോടെ ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു.നാലുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മോഷ്ടാവിനെ ഓടയില്‍ നിന്ന് പുറത്തെത്തിച്ചത്. ഇന്നലെ രാത്രി 1 മണിയ്ക്ക് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായത് ഇന്ന് വെളുപ്പിന് 5 മണിയ്ക്കാണ്. ഇയാളെ പുറത്തെത്തിച്ച് ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ തന്നെയാണ് മോഷണം നടത്തിയതെന്ന് പൊലീസിന് വ്യക്തമായി. തമിഴ്‌നാട് സ്വദേശി രാജശേഖരന്‍ എന്ന മോഷ്ടാവ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.
