ആലപ്പുഴ: ആലപ്പുഴയിൽ പിഞ്ചുകുഞ്ഞിന് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ ഒന്നരവയസുകാരനായ കൃഷ്ണജിത്തിനാണു മർദ്ദനമേറ്റത്. കുട്ടിയുടെ ദേഹത്ത് ചൂരൽ പ്രയോഗത്തിന്റെ പാടുകളും കൈയ്യുടെ അസ്ഥിക്ക് പൊട്ടലുമുണ്ട്. അമ്മ ദീപയുടെ ആൺസുഹൃത്തായ തിരുവിഴ സ്വദേശി കൃഷ്ണകുമാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു
മർദ്ദനമേറ്റ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് താമസിച്ചിരുന്നത്. കുട്ടിയെ മർദ്ദിച്ച ശേഷം കൃഷ്ണകുമാർ ദീപയുടെ ഭർത്താവിന്റെ വീട്ടിൽ കുട്ടിയെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു. കൈയ്യുടെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും പൊലീസ് പറഞ്ഞു. ചികിത്സയിൽ തുടരുകയാണ്.
