കാസർഗോഡ് : ബേക്കൽ-കോവളം ജലപാതയില്‍ ടൂറിസം, വാണിജ്യ പദ്ധതികള്‍ക്ക് സാദ്ധ്യതാപഠനം പുരോഗമിക്കുന്നു. മലബാർ മേഖലയ്‌ക്ക് പ്രത്യേക പരിഗണന നല്‍കി വിശദമായ പദ്ധതി റിപ്പോർട്ടും തയ്യാറാക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ (പിപിപി) നടപ്പാക്കും. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത ഉള്‍പ്പെടെ വെസ്റ്റ്കോസ്റ്റ് കനാലുമായി ബന്ധിപ്പിച്ചാണ് പദ്ധതികള്‍. ജലപാത 13 ഭാഗങ്ങളായി തിരിച്ചാണ് സാദ്ധ്യതാപഠനം. രണ്ടിടത്തെ പഠനം പൂർത്തിയായി. നാലിടത്ത് അവസാനഘട്ടത്തിലാണ്. കോസ്റ്റല്‍ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയും (സിയാല്‍) ചേർന്ന് രൂപീകരിച്ച കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് (ക്വില്‍) കമ്പനിയാണ് കോവളം- ബേക്കല്‍ ജലപാത വികസിപ്പിക്കുന്നത്. ക്വില്‍ നിയോഗിച്ച ഏജൻസികളാണ് ഡിപിആർ തയ്യാറാക്കുന്നത്. ജലകേളികള്‍ ഉള്‍പ്പെടെ ടൂറിസം പദ്ധതികള്‍, മത്സ്യസംസ്‌കരണ കേന്ദ്രങ്ങള്‍, ഭക്ഷ്യസംരംഭങ്ങള്‍ തുടങ്ങിയവ ആവിഷ്‌കരിക്കുമെന്ന് ക്വില്‍ വൃത്തങ്ങള്‍ പറഞ്ഞു. സ്ഥലം സർക്കാർ ഏറ്റെടുത്ത് സംരംഭകർക്ക് പാട്ടത്തിന് നല്‍കും. പ്രദേശവാസികള്‍ക്ക് സാമ്പത്തിക നേട്ടമുള്ള പദ്ധതികള്‍ക്കാണ് മുൻഗണന. ടൂറിസത്തിനാണ് പ്രാധാന്യം. സോളാർ, വൈദ്യുത, ഹൈഡ്രജൻ ബോട്ടുകള്‍ ഉപയോഗിച്ചുള്ള ടൂറിസം പദ്ധതികള്‍ക്ക് സംരംഭകർ താല്പര്യം അറിയിച്ചിട്ടുണ്ട്. കോവളം, തിരുവനന്തപുരത്തെ പാർവതി പുത്തനാർ, അഷ്‌ടമുടിക്കായല്‍, നീലേശ്വരം, കഠിനംകുളം കായല്‍, വളപട്ടണം പുഴ, കോട്ടപ്പുറം, പറശിനിക്കടവ്, കോഴിക്കോട് കനോലി കനാല്‍ എന്നിവിടങ്ങളില്‍ ടൂറിസം സാദ്ധ്യതകള്‍ കണ്ടെത്തിയിട്ടുണ്ട്. കനാലുകള്‍ സജ്ജമായാല്‍ ഹൗസ് ബോട്ടുകള്‍ മലബാർ മേഖലകളിലും ഓടിക്കാം. ചെറുകിട തുറമുഖങ്ങളെ കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് ചരക്ക് കടത്താം. ചെറിയ കപ്പലുകളും ബാർജുകളും ഉപയോഗിച്ച് രാസവസ്തുക്കള്‍, പെട്രോളിയം ഉല്പന്നങ്ങള്‍, കണ്ടെയ്‌നറുകള്‍ തുടങ്ങിയവ കൊണ്ടുപോകാമെന്നും ക്വില്‍ അധികൃതർ പറഞ്ഞു.

