ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ട്രെയ്‌ലർ എത്തി. കളത്തിൽ പടപൊരുതാൻ വാലിബനും സംഘവും ഒരുങ്ങുക്കഴിഞ്ഞു. ചിത്രം തിയറ്ററിൽ അത്ഭുതം സൃഷ്‌ിക്കുമെന്ന് ട്രെയിലർ ഉറപ്പു നൽകുന്നു. “ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു കാൻവാസിൽ ചെയ്ത മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ മുൻവിധികൾ ഇല്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു സിനിമയാണ്.”- എന്നാണ് മോഹൻലാൽ സിനിമയെ കുറിച്ച് വിശേഷിപ്പിച്ചത്.
ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന വാലിബന്റെ പ്രധാന ലൊക്കേഷൻ രാജസ്ഥാൻ ആയിരുന്നു. ജൂൺ പകുതിയോടെയായിരുന്നു 130 ദിവസത്തോളം നീണ്ട ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചത്. ഗോവിന്ദും ദീപുരാജീവനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ഷിബു ബേബി ജോണിൻ്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിൻറെ റിലീസ് ജനുവരി 25 നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശത്തും മികച്ച സ്ക്രീൻ കൗണ്ടോടെയാണ് ചിത്രം റിലീസ് ചെയ്യുക. യൂറോപ്പിൽ 35 ൽ അധികം രാജ്യങ്ങളിൽ ചിത്രം എത്തുമെന്ന് നേരത്തേ റിപ്പോർട്ടുകൾ എത്തിയിരുന്നു. യുഎസിൽ 39 സംസ്ഥാനങ്ങളിലെ 146 നഗരങ്ങളിലും ചിത്രം എത്തും.
