ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ ഓടി. കത്വാ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ ഓടിയത്. കത്വാ സ്റ്റേഷനില്‍ നിന്ന് പഞ്ചാബിലെ ഊഞ്ചി ബസ്സി വരെ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിച്ചു. 53 ബോഗികള്‍ ഉള്ള ചരക്ക് ട്രെയിന്‍ എഴുപത് കിലോമീറ്ററോളം ദൂരമാണ് ട്രെയിന്‍ തനിയെ ഓടിയത്. ഗുരുതരസുരക്ഷ വീഴ്ച അന്വേഷിക്കാന്‍ റെയില്‍വെ ഉത്തരവിട്ടു. പത്താന്‍കോട്ട് ഭാഗത്തേക്കുള്ള ഭൂമിയുടെ ചരിവ് കാരണമാണ് ട്രെയിന്‍ തനിയെ ഓടിയത് എന്നാണ് സൂചന.
ഇന്ന് രാവിലെ 7.10 ഓടെയാണ് സംഭവം നടന്നതെന്ന് നാട്ടുകാർ പറയുന്നു. ജമ്മുവിലെ കത്വയിൽ 14806 ആർ എന്ന ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റ് നിർത്തിയിടുകയായിരുന്നു. പിന്നീട് ഡ്രൈവർ ട്രെയിനിൽ നിന്ന് ഇറങ്ങി ഹാൻഡ് ബ്രേക്ക് ഇടാതെ ചായ കുടിക്കാൻ പോയി. അതിനിടെ, ട്രെയിൻ പെട്ടെന്ന് നീങ്ങുകയും, ഒടുവിൽ വേഗത കൂട്ടി ഓടാൻ തുടങ്ങുകയുമായിരുന്നു. പിന്നീട് റെയിൽവേ ഉദ്യോഗസ്ഥരുടെ വ്യാപകമായ പരിശ്രമത്തിനൊടുവിൽ പഞ്ചാബിലെ മുകേറിയനിലെ ഉച്ചി ബസ്സിക്ക് സമീപം ട്രെയിൻ നിർത്തിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

