ആലുവ : ആലുവയില്‍ തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപം ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ കാണാതായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ആസം സ്വദേശി അഷ്ഫാഖ് ആലമിനെ പോലീസ് പിടികൂടിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ശനിയാഴ്ച രാവിലെ 11.45-ഓടെയാണ് മാര്‍ക്കറ്റിന് പിറകില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി മരിച്ചത് ആലുവ ചൂര്‍ണിക്കരയില്‍നിന്ന് കാണാതായ അഞ്ചുവയസ്സുകാരിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെയാണ് ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസക്കാരനായെത്തിയ അതിഥിത്തൊഴിലാളിയായ അഷ്ഫാഖ് ആലം തട്ടിക്കൊണ്ടുപോയത്.
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്ന് ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അഷ്ഫാഖ് ആലമിനെ പിടികൂടിയത്.