സ്കൂളുകളിൽ വെള്ളം കുടിക്കാൻ ഇടവേള. കൊടും വേനലാണ് വരാനിരിക്കുന്നത്. ഫെബ്രുവരി പകുതിയായപ്പോൾ തന്നെ ഒട്ടുമിക്ക സ്ഥലങ്ങളിലും ചൂട് കൂടിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ‘വാട്ടർ ബെൽ’ സംവിധാനത്തിന് വീണ്ടും തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ക്ലാസ്സ് സമയത്ത് കുട്ടികൾ ആവശ്യമായത്ര വെള്ളം കൃത്യമായ രീതിയിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഓരോ ദിവസവും കുട്ടികൾക്ക് വെള്ളം കുടിക്കാനായി മാത്രം രാവിലെയും ഉചയ്ക്കും സ്‌കൂളുകളിൽ പ്രത്യേകം ബെൽ മുഴങ്ങും. രാവിലെ 10.30നും ഉച്ചയ്ക്ക് രണ്ട് മണിക്കുമായിരിക്കും വാട്ടർ ബെൽ ഉണ്ടാവുക. ബെൽ മുഴങ്ങിക്കഴിഞ്ഞാൽ അഞ്ച് മിനിറ്റ് സമയം വെള്ളം കുടിക്കാനായി നൽകണമെന്നാണ് സ്‌കൂളുകൾക്ക് സർക്കാർ നൽകുന്ന നിർദേശം. സ്‌കൂളുകളിൽ വാർഷിക പരീക്ഷ ആരംഭിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കുന്ന സാഹചര്യത്തിലാണ് വാട്ടർ ബെൽ വീണ്ടും കൊണ്ടുവരുന്നത്. മുൻ വർഷങ്ങളിൽ ചൂട് കനത്തപ്പോഴും സമാനമായ നിർദേശം സർക്കാർ പുറപ്പെടുവിച്ചിരുന്നു.

