കണ്ണൂര്‍: പാനൂരില്‍ കര്‍ഷകനെ ആക്രമിച്ച കാട്ടുപന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. കര്‍ഷകന്‍ കൊല്ലപ്പെട്ടയിടത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയിട്ടുള്ളത്. നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നുവെന്നാണ് വിവരം. പ്രിയദര്‍ശിനി വായനശാലയുടെ സമീപത്ത് സ്ഥലം അളക്കുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞെത്തിയ പന്നിയെ ആണ് നാട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്ത് വന്നിട്ടുണ്ട്. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൃഷിയിടങ്ങളില്‍ ഇറങ്ങി വിള നശിപ്പിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ മുന്‍പ് ഒരിക്കലും ആളുകളെ ഇത്തരത്തില്‍ പന്നി ആക്രമിച്ചിരുന്നില്ല. വിഷയത്തില്‍ പരാതികളൊന്നും ഇതുവരെ ലഭിച്ചിരുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
രാവിലെയാണ് കണ്ണൂര്‍ മുതിയങ്ങ വയലിൽ സ്വന്തം കൃഷിയിടം നനച്ചുകൊണ്ടിരിക്കുകയായിരുന്നു ശ്രീധരനെ കാട്ടുപന്നി ആക്രമിച്ച് കൊലപ്പെടുത്തിയത്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത് ദുഃഖകരമായ സംഭവമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നതടക്കം റിപ്പോര്‍ട്ട് വന്നതിന് ശേഷം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കഴിഞ്ഞ അറുപത് ദിവസത്തിനിടെ മരണപ്പെടുന്ന പതിനഞ്ചാമത്തെയാളാണ് ശ്രീധരന്‍.
