പട്‌ന: വിവാഹത്തിൽ നിന്നും പിന്മാറിയ കാമുകന്റെ ജനനേന്ദ്രിയം യുവതി അറുത്തെടുത്തു. ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവം. ബിഹാറിലെ മഥൗര ബ്ലോക്കിലെ വാർഡ് കൗൺസിലറായ യുവാവിന്റെ ജനനേന്ദ്രിയമാണ് ഡോക്ടറായ യുവതി അറുത്തെടുത്തത്. ഗുരുതരാവസ്ഥയിലായ യുവാവ് പാട്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
25 വയസുള്ള യുവതി കഴിഞ്ഞ അഞ്ചുവർഷമായി യുവാവുമായി അടുപ്പത്തിലായിരുന്നു. എന്നാൽ, വിവാഹത്തിന് നിർബന്ധിച്ചപ്പോൾ യുവാവ് ഇതിന് വിസമ്മതിച്ചു. ഒടുവിൽ കോടതിയിൽ രജിസ്റ്റർ വിവാഹം നടത്താമെന്ന് സമ്മതിപ്പിച്ചു. പക്ഷേ, വിവാഹം രജിസ്റ്റർ ചെയ്യാനായി താൻ കോടതിയിൽ എത്തിയെങ്കിലും കാമുകൻ മുങ്ങിയെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
വിവാഹം മുടങ്ങിയതിന് പിന്നാലെ വനിതാ ഡോക്ടർ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ യുവാവിനെ ഡോക്ടർ ആക്രമിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്തു. വീട്ടിൽനിന്ന് യുവാവിന്റെ കരച്ചിൽ കേട്ട അയൽക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസെത്തിയപ്പോൾ ചോരയിൽകുളിച്ച് കിടക്കുന്നനിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രതിയായ ഡോക്ടറെയും പോലീസ് പിടികൂടി.
അറസ്റ്റിലായ വനിതാ ഡോക്ടർ ഹാജിപുർ സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു. മഥൗരയിലാണ് ഇവർ പ്രാക്ടീസ് ചെയ്യുന്നത്. പ്രതിയും യുവാവും അവിവാഹിതരാണെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു

