പാലക്കാട്: കുളിമുറിയുടെ ചുമരിടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കൊട്ടേക്കാട് പ്ലാങ്കാട് എസ്. സുജാത (51) ആണ് മരിച്ചത്. ഞായറാഴ്ച പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.
സുജാതയും അമ്മ ശാന്തയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീട്ടിൽനിന്ന് പുറത്തിറങ്ങിയ സുജാത കുളിമുറിക്കു സമീപത്തെത്തിയപ്പോൾ ചുമരിന്റെ ഒരുഭാഗം ഇടിഞ്ഞ് ശരീരത്ത് പതിക്കുകയായിരുന്നു.
ശബ്ദംകേട്ട് ഓടിയെത്തിയ അമ്മ ശാന്തയും സമീപവാസികളും ചുമരിടിഞ്ഞുവീണ ഭാഗത്തെ സിമന്റ് കട്ടകൾ നീക്കി ആളെ പുറത്തെടുത്തു. ഗുരുതരമായി പരിക്കേറ്റ സുജാതയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
അച്ഛൻ: പരേതനായ സഹദേവൻ. സഹോദരങ്ങൾ: പുഷ്പം, പത്മ, ഗുരുവായൂരപ്പൻ, കുമാരൻ.
