മാനന്തവാടി: ബസ് കാത്തു നിന്ന സ്ത്രീയെ ലിഫ്റ്റ് നൽകാം എന്ന് പറഞ്ഞ് കാറിൽ കയറ്റി പെപ്പർ സ്പ്രേ അടിച്ച് ലൈംഗികാതിക്രമം. പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം കൊണ്ടോട്ടി സ്വദേശി 50 കാരനായ മുജീബ് റഹ്മാനെയാണ് കോടതി ശിക്ഷിച്ചത്. ഒൻപത് വർഷം കഠിന തടവും 50000 രൂപ പിഴയുമാണ് കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജ് വി മൃദുല ശിക്ഷ വിധിച്ചത്.
2019 ഡിസംബറിൽ തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ തവിഞ്ഞാലിൽ ആയിരുന്നു സംഭവം. ഇവിടെയുള്ള 43-ാം മൈലിൽ ബസ് കാത്തുനിൽക്കുകയായിരുന്ന സ്ത്രീയെ ലിഫ്റ്റ് കൊടുക്കാമെന്ന് പറഞ്ഞ് പ്രതി കാറിൽ കയറ്റി ബലമായി തട്ടിക്കൊണ്ടു പോയി പെപ്പർ സ്പ്രേ പ്രയോഗിച്ച് കീഴ്പ്പെടുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. രക്ഷപ്പെടാനായി കാറിൽ നിന്നും ചാടിയ അതിജീവിതയെ പിറകെ വന്ന ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
സംസ്ഥാനത്തെ വിവിധ സ്റ്റേഷൻ പരിധികളിൽ കൊലപാതകമടക്കം 49 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് മുജീബ് റഹ്മാൻ എന്ന് പൊലീസ് പറഞ്ഞു. അന്നത്തെ തലപ്പുഴ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായിരുന്ന പി ജെ ജിമ്മിയാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അഭിലാഷ് ജോസഫ് ഹാജരായി.
