പോത്തൻകോട് : വിദ്യാഭ്യാസവും അറിവും വിവിധ സർഗവാസനകളും ഉള്ള നല്ല ഒരു തലമുറ നമ്മുടെ മുന്നിൽ ഉണ്ടെന്നും അപചയ ങ്ങളിൽപ്പെടാതെ അവരെ നേരായ വഴിക്ക് നയിക്കാൻ സാംസ്കാരിക സംഘടനകളുടെ സജീവമായ പ്രവർത്തനം ഇന്നത്തെ കാല ഘട്ടത്തിൽ അനിവാര്യമാണെന്നും സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വെമ്പായം വഴയ്ക്കാട് ഹരിശ്രീ ആർട്സ് ക്ലബ്ബ് സംഘടിപ്പിച്ച വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിശ്രീ ആർട്സ് ക്ലബ്ബ്പ്രസിഡന്റ് ഗോപകുമാർ അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് എസ് ആർ ലാൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ആർ വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗന്നാഥപിള്ള, വി ബി ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. അജിത് കുമാർ സ്വാഗതവും രതീഷ്കുമാർ നന്ദിയും പറഞ്ഞു. പി നാരായണ പിള്ള രചിച്ച വേണാട്ടിലെ സംഹാര താണ്ഡവം പുസ്തക ചർച്ചയിൽ നെടുവേലി ജയകുമാർ പുസ്തക അവതരണം നടത്തി. തുടർന്ന് ഹരിശ്രീ കൂട്ടായ്മയിലെ ഗായകർ അവതരിപ്പിച്ച കാവ്യാഞ്ജലിയും അരങ്ങേറി.
