Headlines

കാട്ടുപന്നി വേട്ടയ്‌ക്കെത്തിയ യുവാവിനെ പന്നി കിണറ്റിലേക്ക് തട്ടിയിട്ടു:കൂടെ പന്നിയും ചാടി;സാഹസികമായി രക്ഷപെടുത്തി വേട്ടസംഘാംഗങ്ങള്‍


കാളികാവ് : പന്നി കിണറ്റിലേക്ക് ഇടിച്ചു വീഴ്ത്തിയ വേട്ടസംഘാംഗത്തിന് പുതുജീവന്‍. ഗ്രാമപ്പഞ്ചായത്ത് അനുമതിയോടെ നാട്ടിലിറങ്ങിയ പന്നികളെ വെടിവെയ്ക്കുന്ന ദൗത്യത്തിനിടയിലാണ് സംഭവം. വ്യാഴാഴ്ച ചോക്കാട് പഞ്ചായത്തിലെ പന്നി വേട്ടയ്ക്കിടയിലാണ് സാഹസിക രംഗങ്ങള്‍ അരങ്ങേറിയത്. പെരിന്തല്‍മണ്ണ സ്വദേശി താമരത്ത് അയ്യപ്പനാണ് പന്നിയുടെ ആക്രമണത്തില്‍ കിണറ്റില്‍ വീണത്. ഇയാള്‍ക്കൊപ്പം പന്നിയും വീണതോടെ കാര്യം ഗൗരവമായി. ഒടുവില്‍ വേട്ടസംഘാംഗങ്ങളുടെ മനോധൈര്യത്തില്‍ അതിസാഹസികമായാണ് അയ്യപ്പനെ കിണറ്റില്‍ നിന്നും രക്ഷിച്ചത്.

വേട്ടക്കാരുടെ സംഘത്തിലെ തെളിക്കാരനാണ് അയ്യപ്പന്‍. കാട്ടില്‍ ഒളിഞ്ഞിരിക്കുന്ന പന്നികളെ പുറത്ത് ചാടിക്കലാണ് തെളിക്കാരുടെ ചുമതല. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ മോരംപാടത്തെ കാവില്‍വെച്ചാണ് അയ്യപ്പന്‍ കൂറ്റന്‍ പന്നിയെ കണ്ടത്. തെളിക്കുന്നതിനിടെ പന്നി അയ്യപ്പനുനേരെ തിരിയുകയായിരുന്നു. ചീറിയടുത്ത പന്നിയുടെ മുന്നില്‍നിന്നു തെന്നിമാറിയ അയ്യപ്പന്‍ സമീപത്തുള്ള കിണറ്റിലേക്കാണ് വീണത്. അയ്യപ്പന് പിറകെ പന്നിയും കിണറ്റിലേക്ക് ചാടി. വെടിക്കാരും തൊളിക്കാരും ഉള്‍പ്പെടെയുള്ള വേട്ടസംഘം പതറിപ്പോയ നിമിഷം.

ആദ്യം കിണറ്റില്‍ വീണ അയ്യപ്പന്‍ വെള്ളത്തില്‍ മുങ്ങിക്കിടന്നതിനാല്‍ പിന്നാലെ ചാടിയ പന്നി ഇയാളുടെ ശരീരത്തിലേക്ക് വീണില്ല. ചെറിയ വിസ്താരമുള്ള കിണറിനുള്ളില്‍വെച്ച് പന്നി പലതവണ അയ്യപ്പനെ ആക്രമിക്കാന്‍ ശ്രമിച്ചു. കരയിലുള്ളവര്‍ പതറിയെങ്കിലും അയ്യപ്പന്‍ ധൈര്യം കൈവിടാതെ പിടിച്ചുനിന്നു. കിണറിനുള്ളില്‍ പന്നി അയ്യപ്പനെ ആക്രമിക്കാന്‍ അടുത്തെത്തുമ്പോഴേക്കും മുങ്ങിയും താണും അയ്യപ്പന്‍ ഒഴിഞ്ഞുമാറി. കിണറിന്റെ കരയില്‍ തോക്കുമായി വേട്ടക്കാര്‍ നിലയുറപ്പിച്ചെങ്കിലും വെടി ഉതിര്‍ക്കാന്‍ ഭയപ്പെട്ടു.

പന്നിയുള്ള കിണറില്‍ കൂടുതല്‍ നേരം അയ്യപ്പനെ നിര്‍ത്തിയാല്‍ സ്ഥിതി വഷളാകും എന്നാല്‍, പുറത്തെടുക്കാനും കഴിയാത്ത അവസ്ഥ. അയ്യപ്പന്റെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന സാഹചര്യം പുറത്തുള്ളവരെ ഭീതിയിലാക്കി. ഇനിയും താമസിച്ചാല്‍ ശരിയാകില്ല എന്നുറപ്പിച്ച വേട്ടസംഘത്തിലെ ഷൂട്ടറായ ദിലീപ് മേനോന്‍ രണ്ടും കല്‍പിച്ച് പന്നിക്ക് നേരെ ഉന്നം പിടിച്ചു. വെടി ഉതിര്‍ക്കുന്നതിന് തൊട്ടുമുമ്പ് അയ്യപ്പനോട് വെള്ളത്തിന്റെ താഴ്ചയിലേക്ക് മുങ്ങാന്‍ നിര്‍ദേശിച്ചു. പന്നിക്ക് വെടി തട്ടിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാവും എന്ന വസ്തുതയും എല്ലാവരേയും ആശങ്കയിലാക്കി.

എന്തായാലും സാഹചര്യം നേരിടാന്‍ അയ്യപ്പന്‍ തയ്യാറായി. അയ്യപ്പന്‍ സമ്മതിച്ചതോടെ ദിലീപ് വെടി ഉതിര്‍ത്തു, നിമിഷനേരത്തില്‍ എല്ലാം കഴിഞ്ഞു. ഉന്നം പിഴക്കാത്ത വെടിയില്‍ പന്നി വീണു. ആദ്യം അയ്യപ്പനേയും ശേഷം വെടിയേറ്റ പന്നിയേയും കരയ്‌ക്കെത്തിച്ചു. കാലിന് നിസാര പരിക്ക് മാത്രമാണ് അയ്യപ്പന് പറ്റിയത്. ചോക്കാടുനിന്നും ആറ് പന്നികളേയും കാളികാവില്‍നിന്ന് അഞ്ച് പന്നികളേയും ഉള്‍പ്പെടെ 11 പന്നികളെയാണ് വേട്ടസംഘം വെടിവെച്ചിട്ടത്. 100 കിലോയിലേറെ തൂക്കമുള്ള കിണറ്റില്‍ ചാടിയ പന്നിയാണ് കൂട്ടത്തില്‍ വലുത്. സക്കീര്‍ ഹുസൈന്‍, നവീന്‍, ദിലീപ് മേനോന്‍ തുടങ്ങിയ ഷൂട്ടര്‍മാരാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: