തിരുവനന്തപുരം: നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിൽ ആയിരുന്നു. മോഹൻലാലിനെ നായകനാക്കി ചെയ്ത ഛായാമുഖി ഉൾപ്പെടെ ഒട്ടേറെ നാടകങ്ങളുടെ സംവിധായകനാണ്.
2008ലാണ് മോഹൻലാലിനെയും മുകേഷിനെയും ഉൾപ്പെടുത്തി ഛായാമുഖി രംഗത്ത് അവതരിപ്പിച്ചത്. മകരധ്വജം, സ്വപ്ന വാസവദത്തം, മണികർണിക തുടങ്ങി ഒട്ടേറെ നാടകങ്ങൾ ശ്രദ്ധിക്കപ്പെട്ടു.
നാടകത്തിനു പുറമേ സിനിമയിലും വേഷങ്ങൾ ചെയ്തു. പത്രപ്രവർത്തകൻ, അധ്യാപകൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
2003ൽ മികച്ച നാടക രചനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം നേടി.
