കണ്ണൂർ: കേളകത്ത് ബീവറേജ് ഔട്ട്ലെറ്റിൽ വൻ മോഷണം. 23 മദ്യകുപ്പികളാണ് മോഷണം പോയത്. കെട്ടിടത്തിന്റെ ജനൽ ചില്ല് തകർത്ത് ആയിരുന്നു കള്ളൻ കുപ്പിയുമായി കടന്നു കളഞ്ഞത്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് തുടങ്ങിക്കഴിഞ്ഞു.
ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. കേളകം പൊലീസിന്റെ പട്രോളിംങിനിടെയാണ് മോഷണ വിവരം ശ്രദ്ധയിൽപെട്ടത്. ബീവറേജ് ഔട്ട്ലെറ്റിന്റെ പുറകുവശത്തെ ജനൽചില്ല് തകർത്തായിരുന്നു മോഷണം. ജനലിന് സമീപത്തായി പെട്ടിയിൽ സൂക്ഷിച്ച അര ലിറ്ററിന്റെ 23 മദ്യക്കുപ്പികളാണ് നഷ്ടപ്പെട്ടത്. പിന്നീടുള്ള തെരച്ചിലിലാണ് കെട്ടിടത്തിന് സമീപത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ 17 മദ്യക്കുപ്പികൾ കണ്ടെത്തിയത്.
ബീവറേജ് ഔട്ട്ലെറ്റിന് സമീപത്തെ കടകളിലെയടക്കം സി സി ടി വി ക്യാമറകൾ കടലാസ് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. മോഷ്ടാക്കളെ കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

