കോഴിക്കോട്: കോഴിക്കോട് മാങ്ങാപ്പൊയിലിലെ എച്ച്പിസിഎൽ പെട്രോൾ പമ്പിൽ മോഷണം. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ നടന്ന സംഭവത്തിൽ ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറിയാണ് മൂവർ സംഘം കവർച്ച നടത്തിയത്. 10000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പമ്പ് ഉടമ വ്യക്തമാക്കി.
അതേസമയം മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. പെട്രോൾ പമ്പിലെത്തിയ മൂന്ന് യുവാക്കൾ പമ്പിലെ ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം തലയിൽ മുണ്ടിട്ട് മൂടിയാണ് മോഷണം നടത്തിയത്. ആക്രമണത്തിന് മുമ്പ് യുവാക്കൾ പമ്പിലെത്തി പ്രദേശം നിരീക്ഷിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. സംഭവത്തിൽ പമ്പ് ജീവനക്കാർ മുക്കം പോലീസിൽ പരാതി നൽകി.
