ചിങ്ങവനം : നാട്ടകത്തെ ട്രാവൻകൂര്‍ സിമന്‍റ്സിലെ സ്റ്റോര്‍ റൂമില്‍നിന്ന് ബാറ്ററികള്‍ മോഷ്ടിച്ച കേസില്‍ ജീവനക്കാരായ മൂന്നുപേരെ അറസ്റ്റ് ചെയ്തു.
ചാന്നാനിക്കാട് രാജേഷ് ഭവനില്‍ സി.ആര്‍. രാജീവ് (41), തിരുവനന്തപുരം അടിയന്നൂര്‍ സ്വദേശി എ.എല്‍. ജയലാല്‍ (49), തിരുവനന്തപുരം പനക്കോട് സ്വദേശി ജി.ആര്‍. രാകേഷ് (35) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ട്രാവൻകൂര്‍ സിമന്റ്സിന്റെ മെയിന്റനൻസ് വിഭാഗത്തിന്റെ സ്റ്റോറൂമില്‍ ഇവര്‍ സംഘം ചേര്‍ന്ന് അതിക്രമിച്ചുകയറുകയും അവിടെ ഉണ്ടായിരുന്ന മൂന്ന് ബാറ്ററികള്‍ മോഷ്ടിക്കുകയുമായിരുന്നു. സ്ഥാപനത്തിലെ മെയിന്റനൻസ് വിഭാഗത്തിലെ ഹെല്‍പര്‍ സ്റ്റാഫുകളാണ് മൂവരും.
പരാതിയെ തുടര്‍ന്ന് ചിങ്ങവനം പൊലീസ് കേസെടുക്കുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവരെ പിടികൂടുകയുമായിരുന്നു. ഇവരുടെ പക്കല്‍നിന്ന് മോഷ്ടിച്ച ബാറ്ററികള്‍ കണ്ടെടുത്തു. ചിങ്ങവനം എസ്.എച്ച്.ഒ ബിനു പി.എസ്, എസ്.ഐമാരായ വിപിൻ ചന്ദ്രൻ, തോമസ് സേവ്യര്‍, എ.എസ്.ഐ സാൻജോ, സി.പി.ഒ മണികണ്ഠൻ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവരെയും കോടതിയില്‍ ഹാജരാക്കി.
