കാസർകോഡ്: കാസർകോട് 15കാരിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് ഹാജരാക്കിയ കേസ് ഡയറിയിൽ മോശമായിട്ടൊന്നും കണ്ടില്ലെന്നും കേസ് ഡയറി തൃപ്തികരമെന്നും കോടതി. കുടുംബത്തിന്റെ വേദനക്കൊപ്പമാണ് കോടതിയെന്നും അതിൽ സത്യാവസ്ഥ കണ്ടെത്തുക എന്നുള്ളതാണ് കോടതിയുടെ ലക്ഷ്യമെന്നും കോടതി പറഞ്ഞു.
പെൺകുട്ടിയുടെ മരണം കൊലപാതകമാണോ എന്നതടക്കം കോടതിക്ക് സംശയമുണ്ട്. ഇക്കാര്യത്തിലടക്കം വ്യക്തത വരുത്തണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. പെൺകുട്ടി മരിച്ചതെങ്ങനെയെന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തണം. ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം അവരുടെ എക്കാലവും നിലനിൽക്കുന്ന വേദനയായി ഈ പെൺകുട്ടിയുടെ മരണം ശേഷിക്കുമെന്നുറപ്പാണ്. അത് കണ്ടില്ലെന്ന് നടിക്കാൻ കോടതിക്കാവില്ല. പെൺകുട്ടിയുടെ കാണാനില്ലെന്ന് കാണിച്ച് അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ വാക്കുകൾ.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ ആദ്യഘട്ടത്തിൽ തെരച്ചിൽ നടത്താതിരുന്ന പൊലീസിനെ കോടതി രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. എന്നാൽ ഉച്ചക്ക് ശേഷം കേസ് പരിഗണിക്കവേ ആണ് പൊലീസ് തൃപ്തികരമായി അന്വേഷണം നടത്തിയെന്ന് കോടതി പരാമർശിച്ചത്. എന്നാൽ, കേസുമായി ബന്ധപ്പെട്ട് ഇതുവരെ ചെയ്തതെല്ലാം കോടതിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും, കൊലപാതകം ആണോ എന്ന കാര്യം തുടരന്വേഷണത്തിലേ വ്യക്തമാകുകയുള്ളൂവെന്നും കോടതി പൊലീസിനെ വിമർശിച്ചിട്ടില്ലെന്നും അഭിനന്ദിക്കുകയാണ് ചെയ്തതെന്നും കുമ്പള ഇൻസ്പെക്ടർ പറഞ്ഞു.
