രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ട്, പരിഭ്രാന്തിയോടെ വാങ്ങിക്കൂട്ടേണ്ട: ഇന്ത്യന്‍ ഓയില്‍



        

തിരുവനന്തപുരം: രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനം സ്‌റ്റോക്കുണ്ടെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അറിയിപ്പുമായി ഇന്ത്യന്‍ ഓയില്‍. ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന ലഭ്യതയെക്കുറിച്ച് ആളുകള്‍ അനാവശ്യമായി ആശങ്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ ഓയില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. പരിഭ്രാന്തിയോടെ ഇന്ധനം വാങ്ങിക്കൂട്ടേണ്ട കാര്യമില്ലെന്ന് ഇന്ത്യന്‍ ഓയില്‍ വ്യക്തമാക്കി.

രാജ്യത്ത് എല്ലായിടത്തും ധാരാളം ഇന്ധനം സ്‌റ്റോക്കുണ്ടെന്നും വിതരണ ലൈനുകള്‍ വളരെ സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്നും ഇന്ത്യന്‍ ഓയില്‍ പ്രസ്താവനയിലൂടെ അറിയിച്ചു. എല്ലാ ഔട്ട്‌ലെറ്റിലും ഇന്ധനവും എല്‍പിജിയും ആവശ്യത്തിന് ലഭ്യമാകും. അനാവശ്യ പരിഭ്രാന്തി ഇല്ലാതെയും തിരക്ക് കൂട്ടാതെയും നിങ്ങളെ നല്ല രീതിയില്‍ സേവിക്കാന്‍ ഞങ്ങളെ അനുവദിക്കണമെന്നും ഇന്ത്യന്‍ ഓയില്‍ അഭ്യര്‍ത്ഥിച്ചു. എടിഎമ്മുകളും വിമാനത്താവളങ്ങളും പെട്രോള്‍ പമ്പുകളും വരെ അടച്ചിട്ടേക്കുമെന്ന തരത്തില്‍ വാട്ട്‌സ്ആപ്പില്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തി ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന റീടെയിലറിലൊന്നായ ഇന്ത്യന്‍ ഓയില്‍ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന് ഉള്‍പ്പെടെയുള്ള വ്യാജ പ്രചാരണങ്ങളുടെ മുനയൊടിക്കുകയാണ് പ്രസ് ഇന്‍ഫന്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക് വിഭാഗം. വിമാനത്താവളങ്ങള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ട്വീറ്റിലൂടെ പിഐബി അറിയിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: