സ്ത്രീധനത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിജയരാഘവൻ. സ്ത്രീധനം പോലെ ഒരു തെണ്ടിത്തരം ലോകത്തില്ലെന്നും താനോ തന്റെ കുടുംബത്തിൽ ഉള്ളവരോ സ്ത്രീധനം വാങ്ങിയിട്ടില്ല എന്നും വിജയരാഘവൻ പറഞ്ഞു. തിരിച്ച് ചോദ്യം ചെയ്യാനുള്ള തന്റേടവും ധൈര്യവും പെണ്ണുങ്ങൾക്ക് ഉണ്ടാവണമെന്നും സ്ത്രീധനം ചോദിക്കുന്നവനെ ഒരിക്കലും കല്യാണം കഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.
‘സ്ത്രീധനം പോലെ ഒരു തെണ്ടിത്തരം ലോകത്തില്ല. എന്റെ അച്ഛൻ സ്ത്രീധനം വാങ്ങിച്ചിട്ടില്ല, ഞാൻ വാങ്ങിയിട്ടില്ല, എന്റെ സഹോദരിമാർക്ക് സ്ത്രീധനം കൊടുത്തിട്ടില്ല, എന്റെ മക്കൾക്കും സ്ത്രീധനം കൊടുത്തിട്ടില്ല.
രണ്ടാമത്തെ മകന്റെ ആലോചന നടക്കുന്ന സമയത്ത് പെണ്ണിന്റെ അച്ഛൻ എന്നെ വിളിച്ച് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു. എന്താണെന്ന് ഞാൻ ചോദിച്ചു. ഞങ്ങൾക്ക് കുറച്ച് സ്ഥലമുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് ആ വക കാര്യങ്ങൾ ഒന്നും അറിയണ്ട, ഏകദേശം നിങ്ങളുടെ വീടും പരിസരവും അറിഞ്ഞിട്ടായിരിക്കുമല്ലോ ഈ ആലോചന നടത്തുന്നത്, അങ്ങനെയുള്ള സംസാരമേ വേണ്ട എന്ന് പറഞ്ഞു. എന്തുണ്ടെന്ന് പോലും ഞാൻ ചോദിച്ചിട്ടില്ല.
തിരിച്ച് ചോദ്യം ചെയ്യാനുള്ള തന്റേടവും ധൈര്യവും പെണ്ണുങ്ങൾക്ക് ഉണ്ടാവണം. എന്തുണ്ട്, എന്ത് കിട്ടും എന്ന് ചോദിക്കുന്നവനെ ഒരിക്കലും കല്യാണം കഴിക്കരുത്. അവരെ വിശ്വസിക്കാനേ കൊള്ളില്ല. എന്റെ രണ്ട് മരുമക്കളോടും അങ്ങനെയൊന്നും ചോദിച്ചിട്ടുമില്ല, അവരുടെ ഒരു സ്വത്തും മേടിച്ചിട്ടുമില്ല.
പിന്നെ സ്ത്രീധനം കൊടുക്കുന്നവരും കുറ്റക്കാരാണ്. സ്ത്രീധനം കൊടുക്കുമ്പോൾ സ്വന്തം കുഞ്ഞിനെ വിലക്ക് കൊടുക്കുവല്ലേ.അച്ഛനും അമ്മയും ചെയ്യുന്ന തെറ്റാണ് അത്. പെണ്ണുങ്ങൾക്കും ആ പ്രശ്നമുണ്ട്.ഞാൻ പോവല്ലേ, എനിക്ക് എന്ത് കിട്ടും,എനിക്ക് അവിടെ ചെല്ലുമ്പോൾ ഒരു വിലവേണ്ടേ എന്നൊക്കെ ചോദിക്കുന്ന പെണ്ണുങ്ങളുണ്ട്. അത് പാടില്ല. അച്ഛൻ ഉണ്ടാക്കിയതൊക്കെ അച്ഛന് ഉള്ളതാണ്.പഠിത്തം കഴിഞ്ഞ് അവനവന്റെ കാര്യം നോക്കണം. അങ്ങനെയായിരിക്കണം കുട്ടികൾ ചിന്തിക്കേണ്ടത്,’ വിജയരാഘവൻ പറഞ്ഞു.
