വത്തിക്കാന്‍ സിറ്റി: കാലം ചെയ്ത ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ (88) യുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാന്‍. താന്‍ എവിടെയായിരിക്കണം അന്ത്യവിശ്രമം കൊള്ളേണ്ടതെന്നും ശവകുടീരത്തിലെ പ്രത്യേകതകളും മരണപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
റോമിലെ നാല് ബസിലിക്കകളില്‍ ഒന്നായ പുരാതനമായ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ തന്റെ ഭൗതികദേഹം സംസ്‌കരിക്കണമെന്ന് മാര്‍പാപ്പ മരണപത്രത്തില്‍ നിര്‍ദേശിക്കുന്നു. ശവകൂടിരം ഒരുക്കേണ്ട സ്ഥലവും രീതിയും ഉള്‍പ്പെടെ മരണപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശവകൂടീരത്തില്‍ അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മാര്‍പാപ്പ നിര്‍ദേശിച്ചിട്ടുണ്ട്.
സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യന്‍ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുന്‍ മാര്‍പാപ്പമാരില്‍ കൂടുതല്‍ പേരും അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാല്‍ തന്റെ ശവകുടീരം പൗളിന്‍ ചാപ്പലിനും സാലസ് പോപ്പുലി റൊമാനിയുടെ ചാപ്പലിനും സ്‌ഫോര്‍സ ചാപ്പലിനും ഇടയിലുള്ള വശങ്ങളിലെ ഇടനാഴിയില്‍ ഒരുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്.
ശവകുടീരം നിലത്തായിരിക്കണമെന്നും ശവസംസ്‌കാര ചെലവിനുള്ള തുക ഒരു ഗുണഭോക്താവ് നല്‍കുമെന്നും മാര്‍പാപ്പയുടെ മരണപത്രത്തില്‍ പറയുന്നു.തന്നെ സ്‌നേഹിച്ചവര്‍ക്കും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും കര്‍ത്താവ് അര്‍ഹമായ പ്രതിഫലം നല്‍കട്ടെയെന്നും അദ്ദേഹം കുറിച്ചു.
