‘പാർട്ടിയെ ജനങ്ങളില്‍നിന്ന് അകറ്റുന്ന ശൈലിയില്‍ തിരുത്തലുണ്ടാകും’; അതിനർത്ഥം മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ചല്ലെന്ന് എംവി ഗോവിന്ദൻ



തിരുവനന്തപുരം: പാർട്ടിയുടെ ശൈലിയിൽ തിരുത്തലുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാര്‍ട്ടിയെയും നേതാക്കളെയും ജനങ്ങളില്‍ നിന്ന് അകറ്റുന്ന എല്ലാ ശൈലികളും മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. അത് മുഖ്യമന്ത്രിയുടെ ശൈലി ആണെന്ന് കരുതേണ്ടന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ ശൈലി മാറ്റണമെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടില്‍ പറഞ്ഞിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന ഘടകത്തെ വിമർശിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി.

ഇപ്പോഴത്തെ വിവാദങ്ങളില്‍ എസ്‌എഫ്‌ഐക്ക് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നു എം.വി.ഗോവിന്ദൻ വ്യക്തമാക്കി. എസ്‌എഫ്‌ഐയുടെ മുന്നേറ്റത്തെ തടയാൻ ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തെ ഏതെങ്കിലും ഒരു കോളജിലെ ചില സംഭവങ്ങൾ കേരളത്തിലാകെയുള്ള സംഘടനാ ശൈലിയായി പർവതീകരിക്കാനാണ് ചിലരൊക്കെ ശ്രമിക്കുന്നത്. മാധ്യമങ്ങളുടെ പ്രചാരവേല മാത്രമാണിതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

എസ്‌എഫ്‌ഐയെ തകർക്കാൻ ചില മാധ്യമങ്ങള്‍ അവരുടെ എഡിറ്റോറിയല്‍ ലേഖനങ്ങള്‍ വരെ ഉപയോഗിക്കുന്നുവെന്നും ഗോവിന്ദൻ ആരോപിച്ചു. എസ്‌എഫ്‌ഐയുടെ തെറ്റുകളെ ന്യായീകരിക്കുന്നില്ല. തെറ്റ് തിരുത്തി അവർ മുന്നോട്ടു പോകുമെന്നും എസ്‌എഫ്‌ഐയെ പിന്തുണച്ചുകൊണ്ട് പാർട്ടി സെക്രട്ടറി വ്യക്തമാക്കി. നേരത്തെ എസ്‌എഫ്‌ഐയെ എം.വി.ഗോവിന്ദനും വിമർശിച്ചിരുന്നു. എസ്‌എഫ്‌ഐക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാർട്ടി സെക്രട്ടറിയുടേയും നിലപാട് മാറ്റം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: