പ്രകൃതിക്ഷോഭംമൂലം കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരത്തിനു കർഷകർ ചെയ്യേണ്ടകാര്യങ്ങൾ ഇവയൊക്കെയാണ്


ആലപ്പുഴ : പ്രകൃതിക്ഷോഭം മൂലം കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരത്തിന് എന്തു ചെയ്യണമെന്ന് അറിയാത്ത കർഷകരുണ്ട്. ഇവർ ഇതിനായി ഓഫീസുകൾ കയറിയിറങ്ങുകയും ചെയ്യും.

കർഷകർക്ക് കൃഷിവകുപ്പിന്റെ എയിംസ് (അഗ്രിക്കൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) പോർട്ടൽ വഴി അപേക്ഷിക്കാം. സ്വന്തമായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ കർഷകരുടെ ഐഡി വെച്ചാണ് അപേക്ഷിക്കേണ്ടത്. ആദ്യമായി അപേക്ഷിക്കുന്നവരാണെങ്കിൽ ഐഡി ഉണ്ടാക്കി അപേക്ഷിക്കണം. ഈ സമയത്ത് കർഷകർ അവരുടെ വ്യക്തിഗത വിവരങ്ങൾക്കൊപ്പം സ്ഥലം, വിള, അക്കൗണ്ട് വിവരങ്ങളും നൽകണം.

പോർട്ടലിൽ ലോഗിൻ ചെയ്തശേഷം കൃഷിനാശത്തിന്റെ ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യണം. കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങളാണു വേണ്ടത്. ഏതൊക്കെ വിളകളാണ് നശിച്ചത്, എത്ര നഷ്ടമുണ്ടായി എന്ന വിവരവും നൽകണം. ഒന്നിൽക്കൂടുതൽ വിളകൾക്കു നാശമുണ്ടെങ്കിൽ അതു ചേർക്കാനുള്ള സൗകര്യമുണ്ട്. ഇൻഷുർ ചെയ്ത വിളകൾക്കും അല്ലാത്തവയ്ക്കും ലഭിക്കുന്ന നഷ്ടപരിഹാരം വ്യത്യസ്തമായിരിക്കും.

പ്രകൃതിക്ഷോഭമുണ്ടായി 24 മണിക്കൂറിനുള്ളിൽ അതതു കൃഷിഭവനുകളിൽനിന്ന്‌ കൃഷി നാശമുണ്ടായേക്കാമെന്ന എഫ്ഐആർ റിപ്പോർട്ട് പോർട്ടലിൽ അപ്‍ലോഡ് ചെയ്യും. കർഷകർ കൃഷിഭവനിൽ അറിയിക്കുന്നതനുസരിച്ചായിരിക്കും ഈ റിപ്പോർട്ട് തയ്യാറാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരത്തിനായി അപേക്ഷിക്കുക. റിപ്പോർട്ട് അപ്‌ലോഡ് ചെയ്ത് 10 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം. അപേക്ഷ ലഭിക്കുന്നതനുസരിച്ച്‌ അതതു വാർഡുകളിലെ ബന്ധപ്പെട്ടവർ സ്ഥലത്തെത്തി പരിശോധിക്കും. സ്ഥിരീകരിച്ച ചിത്രം പോർട്ടലിൽ അപ്‌ലോഡ് ചെയ്യും.

നാശനഷ്ടമുണ്ടായതിന്റെ കണക്കിൽ വ്യത്യാസമുണ്ടെങ്കിൽ അതു തിരുത്തുകയും ചെയ്യും. ശേഷം അപേക്ഷ കൃഷി ഓഫീസർക്ക് അയക്കും. അവിടെനിന്നു പരിശോധിച്ചശേഷം കൃഷി അസിസ്റ്റ‍ന്റ് ഡയറക്ടർക്കു കൈമാറും. വലിയ നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ ഡെപ്യൂട്ടി ഡയറക്ടറോ പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസറോ പരിശോധിക്കും. ഈ പ്രക്രിയകളെല്ലാം പത്തുദിവസത്തിനുള്ളിൽ പൂർത്തിയാക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: