തിരുവനന്തപുരം: യാതൊരു ന്യായീകരണവുമില്ലാതെ തിരുവല്ലത്ത് ടോൾ നിരക്ക് ക്രമാധീതമായി വർദ്ധിപ്പിച്ച നാഷണൽ ഹൈവേ അതോറിറ്റിയുടെ നടപടിയെ എന്തു വില കൊടുത്തും ചെറുത്ത് തോൽപ്പിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. സിപിഐ നേതൃത്വത്തിൽ തിരുവല്ലത്ത് ടോൾ നിരക്കിൽ വരുത്തിയ വൻ വർദ്ധനവിൽ പ്രതിഷേധിച്ച് പാൽകുളങ്ങര നാഷണൽ ഹൈവേ അതോറിറ്റി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. കേന്ദ്ര സർക്കാർ ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന നയത്തിന്റെ ഭാഗമാണ് ടോൾ വർദ്ധനവും. ഈ വർദ്ധനവ് പിൻവലിക്കുന്നതു വരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും മാങ്കോട് പറഞ്ഞു. സിപിഐ തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ടി എസ് ബിനുകുമാർ അദ്ധ്യക്ഷനായിരിന്നു. നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. സംസ്ഥാ കൗൺസിൽ അംഗം അഡ്വ. രാഖി രവികുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം വെങ്ങാനൂർ ബ്രൈറ്റ് , ബികെഎംയു ജില്ലാ സെക്രട്ടറി പാപ്പനംകോട് അജയൻ, കുര്യാത്തി മോഹനൻ , ആൾ സെയിന്റ്സ് അനിൽ, എം എസ് സുജിത്ത് എന്നിവർ സംസാരിച്ചു,
നേതാക്കളായ അഡ്വ. മോഹനചന്ദ്രൻ , ഹഡ്സൺ ഫെർണാണ്ടസ്, വള്ളക്കടവ് സുധീർ , അഡ്വ.പ്രതാപ് സിംഗ്, തിരുവല്ലം പ്രദീപ്. കെ.ഗോപാലകൃഷ്ണൻ , പനന്തുറ ബൈജു തുടങ്ങിയവർ പ്രതിക്ഷേധത്തിന് നേതൃത്വം നൽകി. സമരസ്ഥലത്ത് നാഷണൽ ഹൈവേ അതോറിറ്റിയുടെ വാഹനം ഇടിച്ച് കയറ്റാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ടോൾ പിരിവ് നടത്തുന്ന ഗുണ്ടകളാണ് സമാധാനപരമായ നടന്ന സമരത്തെ അക്രമിക്കാൻ ശ്രമിച്ചത് എന്ന് സിപിഐ നേതാക്കൾ ആരോപിച്ചു. പോലീസും നേതാക്കളും ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി സംഘർഷം ഒഴിവാക്കുകയായിരിന്നു
