തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നടപടികളുമായി ആരോഗ്യവകുപ്പ്. പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുജനങ്ങൾക്കായുള്ള ജാഗ്രത നിർദ്ദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി. കൊവിഡ് പോസിറ്റീവ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് സർക്കുലറിൽ പറയുന്നു. പനിയുമായി ചികിത്സ തേടുന്നവർക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടെന്ന് പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പിൻ്റെ സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആശുപത്രികളിൽ എല്ലാവരും മാസ്ക് ധരിക്കണം, ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്തത അടിയന്തരമായി വിലയിരുത്തണം, എല്ലാ സ്വകാര്യ സർക്കാർ ആശുപത്രികളിലും മോക്ക് ഡ്രിൽ നടത്തണം തുടങ്ങിയ നിർദ്ദേശങ്ങൾ സർക്കുലറിലുണ്ട്. രോഗമുള്ളവരെ പരിചരിക്കുമ്പോൾ 2023 ൽ ഇറക്കിയ എബിസി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ പ്രവർത്തകരോട് നിർദ്ദേശം നൽകണം.
ഒമിക്രോൺ ജെഎൻ-1 വകഭേദമായ എൽഎഫ്-7 ആണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരാളാണ് മരിച്ചത്. ഗുരുതര ന്യൂമോണിയ ബാധിതനായിരുന്നു 80 കാരനാണ് മരിച്ചത്. ഇതോടെ മരണസംഖ്യ മൂന്നായി.
അതേസമയം രാജ്യത്താകമാനം 4026 ആക്റ്റീവ് കേസുണ്ട്. 24 മണിക്കൂറിനിടെ 65 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അഞ്ച് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ 19 പേർ രോഗമുക്തരായി. ഇതോടെ ആക്ടീവ് കേസുകൾ 1416 ആയി കുറഞ്ഞു. നിലവിൽ രാജ്യത്തെ കോവിഡ് കേസുകളിൽ 35 കേസുകളും കേരളത്തിലാണ്. നിലവിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. വ്യാപനശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണെന്നും മറ്റു രോഗങ്ങൾ ഉള്ളവരും പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു
