Headlines

കേരള സർക്കാരിന്റെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം നടന്നു

തിരുവനന്തപുരം: കേരള സർക്കാരിന്റെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ഇന്ന് നിർവ്വഹിച്ചു. മന്ത്രിമാരായ കെ എൻ ബാലഗോപാലും ആൻ്റണിരാജുവും പങ്കെടുക്കും. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം അച്ചടിച്ചതിൽ 66.5 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു.

തിരുവോണം ബമ്പർ കഴിഞ്ഞതവണത്തെ ഭാ​ഗ്യശാലി തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനൂപായിരുന്നു. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയാണ് അനൂപിന് അന്ന് സ്വന്തമായത്. ഭ​ഗവതി ലോട്ടറി ഏജൻസിയുടെ പഴവങ്ങാടി ശാഖയിൽ നിന്നുമാണ് സമ്മാനാർഹമായ TJ 750605 എന്ന ടിക്കറ്റ് അനൂപ് എടുത്തത്.

അതേസമയം, തിരുവോണം ബംപര്‍ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാര്‍ശ കഴിഞ്ഞ ആഴ്ച ധനവകുപ്പ് തള്ളിയിരുന്നു. ഒന്നാം സമ്മാനം 25 കോടിയായി തുടരണമെന്നാണ് ധനവകുപ്പ് തീരുമാനിച്ചത്. അതേസമയം തന്നെ മറ്റ് സമ്മാന ഘടനകളിൽ മാറ്റം വരുത്താനും തീരുമാനമുണ്ടായിരുന്നു. 1 കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമായി നൽകാനാണ് ധനവകുപ്പിന്‍റെ തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാള്‍ക്ക് അഞ്ച് കോടി രൂപയായിരുന്നു. സമ്മാനത്തുക ഉയര്‍ത്തിയാല്‍ ലോട്ടറി വില കൂട്ടേണ്ടി വരുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ ധനവകുപ്പ് തള്ളിയത്. ടിക്കറ്റ് വില 500 രൂപ തന്നെ ആയിരിക്കണമെന്നും ധനവകുപ്പ് തീരുമാനിച്ചിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: