മൂന്നാംമൂഴത്തിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി, മൂന്നാം മോദി സർക്കാർ ഇങ്ങനെ

ന്യൂഡൽഹി: നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൌപതി മുർമു സത്യാവാചകം ചൊല്ലിക്കൊടുത്തു. രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരാകും. ബി ജെ പിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടി ഡി പിക്ക് 2 ക്യാബിനറ്റ് പദവികളാണ് നൽകിയിരിക്കുന്നത്.

എന്‍ഡിഎ മന്ത്രിസഭയില്‍ ആകെ 72 അംഗങ്ങള്‍

1 പ്രധാനമന്ത്രി

30 ക്യാബിനറ്റ് മന്ത്രിമാര്‍

5 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍

36 കേന്ദ്ര സഹമന്ത്രിമാര്‍

39 പേര്‍ മുന്‍പ് കേന്ദ്ര മന്ത്രിമാരായിരുന്നവര്‍. മന്ത്രിസഭയില്‍ 24 സംസ്ഥാനങ്ങളില്‍ നിന്ന് പ്രാതിനിധ്യം. 43 മന്ത്രിമാര്‍ മൂന്നോ അതില്‍ അധികം തവണയോ എംപിമാരായവര്‍.

കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാര്‍
കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാര്‍. സുരേഷ് ഗോപിക്ക് പുറമെ ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിയാവും. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ചായസല്‍ക്കാരത്തിലും പങ്കെടുത്തു. ബിജെപി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാനായിരുന്നു. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോര്‍ജ് കുര്യന് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്.

അതിനിടെ മോദി സർക്കാരിന്‍റെ മൂന്നാം വട്ട സത്യപ്രതിജ്ഞക്ക് മുന്നേ എൻ ഡി എയിൽ ആദ്യ കലാപക്കൊടി ഉയർത്തിയ എൻ സി പി വിട്ടുവീഴ്ചക്ക് തയ്യാർ. സത്യപ്രതിജ്ഞക്ക് പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ അജിത് പവാർ, കാബിനറ്റ് മന്ത്രിപദത്തിൽ നിന്നും പ്രഫുൽ പട്ടേൽ സഹമന്ത്രിയാവുക എന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. കുറച്ചു ദിവസം കാത്തിരിക്കാം എന്ന് ബി ജെ പിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വിവരിച്ചു.

അതേസമയം ബി ജെ പിയോട് പിണക്കമില്ലെന്നാണ് പ്രഫുൽ പട്ടേൽ പറഞ്ഞത്. ഇന്നലെ വൈകിയാണ് മന്ത്രിസഭയുടെ ഭാഗമാകണമെന്ന നി‍ർദേശം ലഭിച്ചത്. എന്നാൽ കാബിനറ്റ് മന്ത്രിപദത്തിൽ നിന്നും സഹമന്ത്രിയാവുക എന്നത് അംഗീകരിക്കാനാകുന്നതല്ലെന്നും അദ്ദേഹം വിവരിച്ചു. ഇരു പാർട്ടികൾക്കിടയിലുമുണ്ടായ ആശയകുഴപ്പമാണിതെന്നും കുറച്ച് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രഫുൽ പട്ടേൽ വിശദീകരിച്ചു.

അതിനിടെ എൻ സി പിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ബി ജെ പി സജീവമാക്കിയിട്ടുണ്ട്. ക്യാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് എൻ സി പിയെ പിന്നീട് പരി​ഗണിക്കുമെന്നാണ് ബി ജെ പി നേതൃത്വം പറയുന്നത്. കേന്ദ്ര മന്ത്രിസഭാ വിപുലീകരണ സമയത്ത് എൻ സി പിയെ പരി​ഗണിക്കുമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഉപ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: