രാവിലെ ഒൻപതുമണിക്ക് സഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ.ഷംസീറും ചേർന്നാണ് സ്വീകരിച്ചത്. സ്വീകരണ സമയത്ത് ഗവർണർ മുഖ്യമന്ത്രിക്ക് കൈ കൊടുത്തില്ല. മുഖ്യമന്ത്രി നൽകിയ പൂച്ചെണ്ട് സഹായിക്ക് നൽകി ആരെയും ശ്രദ്ധിക്കാതെ തിടുക്കത്തിൽ ഗവർണർ സഭയ്ക്കുളിലേക്ക് നടക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കാനോ ചിരിക്കാനോ പോലും ഗവർണർ ശ്രമിച്ചതുമില്ല.
സ്പീക്കറുടെ ഡയസിലെത്തിയ ഗവർണർ ദേശീയ ഗാനം കേട്ടതിന് പിന്നാലെ ഗൗരവഭാവത്തിൽ തന്നെ ആമുഖമായി കുറച്ച് വാചകങ്ങൾ പറഞ്ഞശേഷം താൻ അവസാന ഖണ്ഡിക വായിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു.
അറുപത് പേജോളം ഉള്ള നയപ്രഖ്യാപന പ്രസംഗത്തിൻ്റെ അവസാന ഖണ്ഡികയിൽ ‘നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ സ്‌മാരകങ്ങളിലോ അല്ലെന്നും ഇന്ത്യൻ ഭരണഘടനയുടെ വിലമതിക്കാനാകാത്ത പൈതൃകത്തോട് നാം കാണിക്കുന്ന ബഹുമാനത്തിലും പരിഗണനയിലുമാണ് നിലനിൽക്കുന്നതെന്നും’ പറയുന്ന ഭാഗമാണ് ഗവർണർ വായിച്ചത്.
ഗവർണറുടെ അസാധാരണ നടപടിയിൽ സ്പീക്കർ അമ്പരപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. പിന്നാലെ സഭ ഇന്നത്തേക്കു പിരിഞ്ഞു. നിയമസഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു നടപടി അരങ്ങേറുന്നത്. നയപ്രഖ്യാപനത്തിന്റെ ആമുഖം പോലും വായിക്കാൻ തയാറാകാഞ്ഞ ഗവർണറുടെ നടപടിയെ സമൂഹം വിലയിരുത്തുമെന്ന് മന്ത്രിമാർ അടക്കമുള്ളവർ പ്രതികരിച്ചു. ജനാധിപത്യത്തെ അവഹേളിക്കുന്ന നടപടിയാണ് ഗവർണറുടേതെന്നും വിമർശനമുയരുന്നുണ്ട്.
