നമ്മുടെ എല്ലാവരുടെയും വീടുകളിൽ കഴുകാനുള്ള തുണികൾ ഇട്ടു വയ്ക്കുന്ന ഒരു ബാസ്കറ്റ് ഉണ്ടാകും. എന്നാലും ചുരുക്കം ചിലർ ബാസ്‌ക്കറ്റിലൊന്നും ഇടാതെ അവിടെയും ഇവിടെയും വലിച്ചെറിയാറും ഉണ്ട്. അഴുക്കുള്ള തുണികൾ ഇടനായുള്ള ബാസ്‌ക്കറ്റിൽ നിറയെ ദ്വാരങ്ങൾ ഉണ്ടായിരിക്കും. എന്തിന് വേണ്ടിയാണ് ഈ ബാസ്‌കറ്റുകളിൽ നിറയെ ദ്വാരങ്ങൾ നൽകിയിരിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
ലോൺട്രി ബാസ്‌കറ്റിലെ ദ്വാരങ്ങളെ ‘ലോൺട്രി ലവ്: ഫൈണ്ടിംഗ് ജോയ് ഇൻ എ കോമൺ ചോർ’ എന്ന പുസ്‌തകത്തിന്റെ രചയിതാവ് പാട്രിക് റിച്ചാർഡ്‌സൺ ഭാരവുമായാണ് ബന്ധപ്പെടുത്തുന്നത്. ബാസ്‌കറ്റിൽ നിറയെ ദ്വാരങ്ങളുണ്ടെങ്കിൽ ഭാരം കുറവ് അനുഭവപ്പെടുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. പണ്ടുകാലങ്ങളിൽ ഈറ്റയും മുളയുമൊക്ക കൊണ്ടായിരുന്നു കുട്ടകൾ നിർമിച്ചിരുന്നത്. എന്നാൽ കാലം മാറിയതോടെ എല്ലാവരും പ്ളാസ്റ്റിക്കിലേയ്ക്ക് മാറി. നിറയെ തുണികൾ ഇട്ടുവയ്ക്കുന്നതിനാൽ ഭാരം അനുഭവപ്പെടാതിരിക്കാനാണ് ലോൺട്രി ബാസ്‌കറ്റിൽ ദ്വാരമുള്ളത്.
മാത്രമല്ല മുഷിഞ്ഞ തുണികളിലെ ദുർഗന്ധം അകറ്റാനും ബാസ്‌കറ്റിലെ ദ്വാരങ്ങൾ സഹായിക്കുന്നു. മുഷിഞ്ഞ തുണികൾ കൃത്യസമയത്ത് കഴുകാൻ സാധിക്കാതെ കുമിഞ്ഞ് കൂടുമ്പോൾ ദുർഗന്ധം വർദ്ധിക്കുന്നതിന് കാരണമാകും. ഇത്തരം തുണികൾ ഇട്ടുവയ്ക്കുന്ന ബാസ്‌കറ്റിൽ ദ്വാരമില്ലെങ്കിൽ അടച്ചുവയ്ക്കുമ്പോൾ ദുർഗന്ധം കൂടും. എന്നാൽ ബാസ്‌കറ്റിൽ ദ്വാരങ്ങളുണ്ടെങ്കിൽ ദുർഗന്ധം അതിൽ തങ്ങി നിൽക്കാതെ പുറത്തേക്ക് പൊയ്ക്കോളും.
