ന്യൂഡൽഹി: 2024 ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാല്‍ വരാനിരിക്കുന്ന ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമാകും. പൂര്‍ണ്ണ ബജറ്റ് ജൂലായ് മാസത്തിലാകുമെന്നും അവര്‍ സൂചന നല്‍കി.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ഗ്ലോബല്‍ ഇക്കണോമിക് പോളിസി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. പ്രഖ്യാപനങ്ങള്‍ക്കായി പൊതുതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. വോട്ട് ഓണ്‍ അക്കൗണ്ട് ഇടക്കാല ബജറ്റ് മാത്രമാണ്. പുതിയ സര്‍ക്കാര്‍ വരുന്നതു വരെയുള്ള ചെലവുകള്‍ക്കായി നിലവിലുള്ള സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അംഗീകാരം തേടുക മാത്രമാണ് അതിലൂടെ ചെയ്യുന്നത്. ഫെബ്രുവരി ഒന്നിലെ ഇടക്കാല ബജറ്റിന് മുമ്പായി സാമ്പത്തികസര്‍വേ അവതരിപ്പിച്ചേക്കും. പൂര്‍ണ്ണമായ രേഖയായിരിക്കില്ല, സാമ്പത്തികസര്‍വേക്ക് സമാനമായ ചെറുപതിപ്പായിരിക്കും. ജിഡിപി, വളര്‍ച്ചാ ലക്ഷ്യം ഉള്‍പ്പടെയുള്ള സാമ്പത്തിക സൂചകകങ്ങള്‍ അതിലുണ്ടാകും.
