Headlines

കുറ്റകൃത്യങ്ങളിൽ ഉൾപെട്ടവർക്ക് സ്വകാര്യ ബസുകളിലുൾപ്പെടെ ഇനി ജോലി ലഭിക്കില്ല

കുറ്റകൃത്യങ്ങളിൽ ഉൾപെട്ടവർക്ക് സ്വകാര്യ ബസുകളിലുൾപ്പെടെ ഇനി ജോലി ലഭിക്കില്ല. അതിക്രമം, ലഹള, മോഷണം, മയക്കുമരുന്ന് കേസ് തുടങ്ങിയവയിൽ ഉൾപ്പെട്ട ആളുകൾക്ക് ബസുകളിൽ ഉൾപ്പെടെ ജീവനക്കാരായി നിയമിക്കാന്‍ പാടില്ലെന്ന നിര്‍ദേശം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ഡോര്‍ അറ്റന്‍ഡര്‍മാര്‍ തുടങ്ങിയ ജീവനക്കാര്‍ക്ക് 12 തരം കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി മുതൽ നിര്‍ബന്ധമാക്കും.

എല്ലാ ബസ് ഓപ്പറേറ്റര്‍മാരും മേയ് 31-നകം ജീവനക്കാരുടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ജില്ലാ ആര്‍ടി ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പോലീസ് ക്ലിയറന്‍സ് വേണമെന്ന നിബന്ധന മുന്നോട്ടുവെച്ചത്. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനൊപ്പം ജീവനക്കാരുടെ ഡ്രൈവിങ്, കണ്ടക്ടര്‍ ലൈസന്‍സുകള്‍, ആധാറിന്റെ പകര്‍പ്പ്, ക്ഷേമനിധി രസീതിന്റെ പകര്‍പ്പ് എന്നിവയുള്‍പ്പെടെയാണ് ആര്‍ടിഒയ്ക്ക് സമര്‍പ്പിക്കേണ്ടത്.

ബസില്‍ സഞ്ചരിക്കുന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കല്‍ ലക്ഷ്യമിട്ടാണ് നടപടി. ഗുരുതര സ്വഭാവമുള്ള കേസുകളിലുള്‍പ്പെട്ടവരെ ബസില്‍ ചുമതലപ്പെടുത്താനാകില്ല. സ്ഥലം അതിര്‍ത്തിത്തര്‍ക്കം, കുടുംബകോടതി വ്യവഹാരങ്ങള്‍, രാഷ്ട്രീയ ജാഥകളുടെ പേരിലുള്ള കേസുകള്‍, സിവില്‍ കേസുകള്‍ എന്നിവയില്‍ ഉള്‍പ്പെട്ടവരെ ജീവനക്കാരായി നിയമിക്കുന്നതിന് തടസ്സമില്ല. ബസിലെ ജീവനക്കാരന്‍ മാറുകയാണെങ്കില്‍ ആര്‍ടിഒയെ അറിയിക്കണം.

മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് ഇടയ്ക്കിടെ പരിശോധന നടത്തും. വകുപ്പിന് കൈമാറിയ ജീവനക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ ജോലിചെയ്യുന്നുണ്ടെങ്കില്‍ നോട്ടീസ് നല്‍കുകയും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം നടപടിയെടുക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം, നരഹത്യ, നരഹത്യാശ്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍, കലാപം, ലഹള, മദ്യപിച്ച് വാഹനമോടിച്ചതിന് ഒന്നിലേറെ തവണ പിടിക്കപ്പെട്ടവര്‍, ജീവഹാനിക്ക് കാരണമായ വാഹനാപകടങ്ങളില്‍ ഒന്നില്‍ക്കൂടുതല്‍ തവണ ഉള്‍പ്പെട്ടവര്‍, വ്യാജരേഖ ചമയ്ക്കല്‍, മയക്കുമരുന്ന് കേസ്, അബ്കാരിക്കേസ്, വാഹന മോഷണം, ഭവനഭേദനം, കാപ്പ കേസ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ക്ലിയറന്‍സില്ല

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: