തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ട് കാണാതായവരെ മരിച്ചതായി കണക്കാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറോട് അഭ്യര്‍ഥിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. ഇവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകും. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്നാവശ്യപെട്ടാണ് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്. ഇതിനായി പ്രാദേശികതല സമിതികളും സംസ്ഥാനതല സമിതികളും രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടിണ്ട്. കാണാതായവര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് കൊടുക്കേണ്ടത് സംബന്ധിച്ച് മാനദണ്ഡങ്ങളും ഉത്തരവിലുണ്ട്.
കാണാതായവരെ സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കണം. ഇത് പരിശോധിച്ച് കാണാതായവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇത് പരിശോധിക്കും. സംസ്ഥാന സമിതിയാണ് റിപ്പോര്‍ട്ടില്‍ സൂക്ഷ്മ പരിശോധന നടത്തുന്നത്. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവർ ഉൾപ്പെടുന്നതാണ് സംസ്ഥാന സമിതി. ഇവർ പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്
