ന്യൂഡൽഹി: മൊബൈൽ സേവനങ്ങൾ തടസ്സപ്പെട്ട് ബുദ്ധിമുട്ടുന്നവർക്ക് ഇനി കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാം. ഇത് സംബന്ധിച്ച് ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പരിഷ്കരിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വിജ്ഞാപനം പുറത്തിറക്കി.
ട്രായിയുടെ പുതിയ വ്യവസ്ഥകളനുസരിച്ച് ജില്ലാതലത്തിൽ 24 മണിക്കൂറിൽ കൂടുതൽ മൊബൈൽ സേവനങ്ങൾ തടസപ്പെടുന്ന സാഹചര്യമുണ്ടായാൽ ഉപഭോക്താക്കൾക്ക് കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാം. ഇത് നല്കാൻ കമ്പനി ബാധ്യസ്ഥരുമാണ്. കൂടാതെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനുള്ള പിഴ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കിയും ട്രായി ഉയർത്തി.
മാനദണ്ഡങ്ങളുടെ ലംഘനം അനുസരിച്ച് ഒരു ലക്ഷം, രണ്ട് ലക്ഷം, അഞ്ച് ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെ വിവിധ ഗ്രേഡുകളിലായാണ് പിഴ ഈടാക്കുക. മുൻപ് സെല്ലുലാർ മൊബൈൽ സർവീസുകൾ, ബ്രോഡ്ബാൻഡ് സർവീസുകൾ, ബ്രോഡ്ബാന്റ് വയർലെസ് സർവീസുകൾ എന്നിവയ്ക്കായുള്ള മാനദണ്ഡങ്ങൾക്ക് പകരമായാണ് പുതിയവ അവതരിപ്പിച്ചിരിക്കുന്നത്.
ഒക്ടോബർ ഒന്നിനു ശേഷം പോസ്റ്റ് പെയ്ഡ് ഉപഭോക്താവിന് സേവനം തടസപ്പെട്ടാലും ആ ദിവസത്തെ തുക അടുത്ത ബില്ലിൽ ഇളവ് ചെയ്യേണ്ടി വരും. 2025 മുതലാണ് പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായി തുടങ്ങുക. ചുരുക്കി പറഞ്ഞാൽ 12 മണിക്കൂറിൽ കൂടുതലായി ഉപഭോക്താവിന് സേവനം നഷ്ടപ്പെട്ടാൽ ഒരു ദിവസത്തെ അധിക വാലിഡിറ്റി കൂടി ഒരാഴ്ചയ്ക്കുള്ളിൽ ക്രെഡിറ്റ് ചെയ്യും.
ഏതെങ്കിലും ജില്ലയിലോ സംസ്ഥാനത്തോ സേവനം നാല് മണിക്കൂറോളം തടസപ്പെട്ടാൽ ട്രായ് അധികൃതകരെ കമ്പനി അറിയിക്കണമെന്നും നിർദേശമുണ്ട്. തടസം നേരിട്ട ജില്ലയിൽ രജിസ്റ്റർ ചെയ്ത നമ്പറുകളിൽ മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുക.
ഫിക്‌സഡ് ലൈൻ സേവനദാതാക്കളും സേവനം തടസപ്പെട്ടാൽ പോസ്റ്റ് പെയ്ഡ് പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് മാനദണ്ഡത്തിൽ പറയുന്നുണ്ട്. പ്രകൃതി ദുരന്തങ്ങളെ തുടർന്നാണ് സേവനം നഷ്ടപ്പെടുന്നത് എങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതില്ല എന്നും പറയുന്നു.

