ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ അതികായനായ വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള അന്ത്യയാത്ര സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് നീങ്ങുമ്പോൾ, സാഗരം കണക്കെ ജനസഹസ്രങ്ങളാണ് ആ വിപ്ലവകാരിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ തടിച്ചുകൂടിയത്. കനത്ത മഴയെപ്പോലും അവഗണിച്ച് ആയിരക്കണക്കിന് ആളുകളാണ് വി.എസിന്റെ ഭൗതികദേഹത്തെ ഒരു നോക്ക് കാണാനും അന്തിമോപചാരമർപ്പിക്കാനും വഴിയരികിലും റിക്രിയേഷൻ ഗ്രൗണ്ടിലുമായി കാത്തുനിന്നത്.
നിശ്ചയിച്ചതിലും മണിക്കൂറുകളോളം വൈകിയാണ് വിലാപയാത്ര കടന്നുപോയതെങ്കിലും, ജനങ്ങളുടെ വിഎസ് വികാരം ഒട്ടും ചോർന്നുപോയില്ല. പുന്നപ്രയുടെ മണ്ണിൽ നിന്ന് ആരംഭിച്ച് കേരള രാഷ്ട്രീയത്തിൽ തന്റേതായ ഇടം നേടിയെടുത്ത വിപ്ലവകാരിയെ അവസാനമായി കാണാൻ റിക്രിയേഷൻ ഗ്രൗണ്ടിൽ നീണ്ട നിരയാണ് രൂപപ്പെട്ടത്. റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം, ഭൗതികദേഹം വലിയ ചുടുകാട്ടിൽ സംസ്കരിക്കും. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു യുഗത്തിനാണ് വി.എസിന്റെ വിയോഗത്തോടെ തിരശ്ശീല വീഴുന്നത്
