കണ്ണൂർ: അച്ചാറിലൊളിപ്പിച്ച് എംഡിഎംഎ കടത്തിയ മൂന്നുപേർ പിടിയിൽ. ചക്കരക്കല്ലിൽ ഇന്നലെയായിരുന്നു സംഭവം. ചക്കരക്കല്ല് സ്വദേശികളായ ശ്രീലാൽ, അർഷാദ്, ജിഫിൻ എന്നിവരാണ് പിടിയിലായത്. ഒരു സുഹൃത്തിനെ കബളിപ്പിച്ച് മറ്റൊരു സുഹൃത്തിന് ലഹരി എത്തിച്ചുനൽകാനുള്ള ശ്രമത്തിനിടയിലാണ് ഇവർ പിടിയിലായത്.
ബുധനാഴ്ച ഗൾഫിലേക്ക് പോകേണ്ടിയിരുന്ന ചക്കരക്കല്ല് സ്വദേശിയുടെ വീട്ടിലേക്ക് ശ്രീലാൽ, അർഷാദ്, ജിഫിൻ എന്നിവർ രണ്ട് പാത്രങ്ങളിൽ അച്ചാർ കൊണ്ടുവന്നു. കുപ്പിയുടെ അടപ്പ് നേരാംവണ്ണം അടയ്ക്കാത്തതിൽ സംശയം തോന്നിയ വീട്ടുകാർ തുറന്നുനോക്കി അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റി.
ഇതോടെ പ്ലാസ്റ്റിക് കവറിലും ചെറിയ ഡപ്പിയിലുമായി ലഹരി കണ്ടെത്തിയത്. പൊലീസിൽ വിവരമറിയിച്ചതു പ്രകാരം അവരെത്തി പരിശോധന നടത്തി. 0.26 ഗ്രാം എം.ഡി.എം.എയും 3.04 ഗ്രാം ഹെറോയിനുമാണ് കണ്ടെത്തിയത്. ഗൾഫിലെ മറ്റൊരു സുഹൃത്തിന് എത്തിച്ചുനൽകാൻ വേണ്ടിയാണ് അച്ചാർ നൽകിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അതേസമയം കോവളത്ത് കാറിൽ കടത്തി കൊണ്ടുവന്ന എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി നാലംഗ സംഘം അറസ്റ്റിൽ. അരക്കിലോ എം.ഡി.എം.എയും എട്ട് ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് യുവതിയടക്കമുള്ള വൻ സംഘത്തെ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. വട്ടിയൂർക്കാവ് ഐ.എ.എസ് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന മേലാറന്നൂർ സ്വദേശി ശ്യാം മോഹൻ (35),ഭാര്യ രശ്മി(31),ആര്യനാട് കടുവാക്കുഴി കുരിശടിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ(24),രാജാജി നഗർ ഫ്ലാറ്റ് നമ്പർ 219ൽ താമസിക്കുന്ന സഞ്ജയ് (26) എന്നിവരാണ് അറസ്റ്റിലായത്.