തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു മൂന്ന് മാസത്തെ അവധിക്ക് അപേക്ഷ നൽകി കാനം രാജേന്ദ്രൻ. ദേശീയ നേതൃത്വത്തിനാണ് അദ്ദേഹം അപേക്ഷ നൽകിയത്. പകരം ചുമതല ബിനോയ് വിശ്വത്തിനു നൽകണമെന്നും അദ്ദേഹം അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അപേക്ഷയിൽ ഈ മാസം ചേരുന്ന ദേശീയ എക്സ്ക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുക്കും. ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നതിനാൽ കാനം ചികിത്സയിലും വിശ്രമത്തിലുമാണ്.
അടുത്ത കാലത്താണ് അദ്ദേഹത്തിന്റെ കാലിൽ ശസ്ത്രക്രിയ നടന്നത്. സഞ്ചാരത്തിനു ബുദ്ധിമുട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അവധിക്ക് അപേക്ഷ നൽകിയത്.
