നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സെക്യൂരി ജീവനക്കാരെ കൈയ്യേറ്റം ചെയ്ത മൂന്നുപേർ അറസ്റ്റിൽ

നെടുമങ്ങാട്∙ രാത്രിയിൽ ജില്ലാ ആശുപത്രിയിലെ ലാബ് ജീവനക്കാരെ അസഭ്യം വിളിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത മൂന്നുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം മുളമുക്ക് എലിക്കോട്ടുകോണം തടത്തരികത്തു വീട്ടിൽ നവാസ് (43), കരകുളം ചെക്കക്കോണം കുന്നിൽ പുത്തൻ വീട്ടിൽ എസ് ഷമീർ (30), കരകുളം കായ്പാടി പറങ്കിമാംവിള പുത്തൻ വീട്ടിൽ ബി മുഹമ്മദ് റാഫ് (45) എന്നിവരാണ് അറസ്റ്റിലായത്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ അനീഷ്, ബിജു കുമാർ എന്നിവർക്ക് നേരെ വ്യാഴാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു കൈയ്യേറ്റ ശ്രമം.
മൂക്കിൽ നിന്നും രക്തം വന്ന മുളമുക്ക് സ്വദേശിയായ രോഗിയെ ഏതാനും പേർ ചേർന്ന് രാത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചിരുന്നു. തുടർന്ന് ഡോക്ടർ രോഗിയെ പരിശോധിച്ച ശേഷം രക്തം പരിശോധിക്കാൻ ലാബിലേക്കും അയച്ചിരുന്നു. എന്നാൽ ആ സമയം ലാബിൽ, ലാബ് അസിസ്റ്റന്റ് ഇല്ലായിരുന്നു. അവർ സർജറിക്കു വിധേയമാകുന്ന രോഗിക്ക് അത്യാവശ്യമായി ബ്ലഡ് ഏർപ്പാടാക്കാനായി സമീപമുള്ള ബ്ലഡ് ബാങ്കിലേക്ക് പോയിരിക്കുകയായിരുന്നു. അൽപസമയം കാത്തു നിൽക്കാൻ ലാബിൽ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരി പറഞ്ഞപ്പോൾ, രോഗിയോടൊപ്പം ഉണ്ടായിരുന്നവർ ലാബിൽ അതിക്രമിച്ച് കയറി അവിടെ ഉണ്ടായിരുന്ന ജീവനക്കാരിയെ അസഭ്യം പറയുകയും ചെയ്തു. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ അനീഷ്, ബിജുകുമാർ എന്നിവർ അവിടെ എത്തി അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതോടെ അവരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഉണ്ടായ വാക്കു തർക്കം ഉന്തും തള്ളുമായി മാറുകയും ചെയ്തു. വിവരം അറിഞ്ഞ്, ഉടൻ തന്നെ പൊലീസ് എത്തി നവാസിനെ കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു. മറ്റു രണ്ട് പ്രതികളെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: