കോതമംഗലം: കുട്ടമ്പുഴയിൽ വനത്തിൽ അകപ്പെട്ട മൂന്നു സ്ത്രീകളെയും കണ്ടെത്തി. പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരാണ് ഇന്നലെ ഉച്ചയോടെ വനത്തിൽ കുടുങ്ങിയത്. ഇന്നലെ രാത്രി മുഴുവൻ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ഇന്ന് പുലർച്ചയോടെയാണ് മൂന്നുപേരെയും കണ്ടെത്തിയത്. മൂന്നുപേരും സുരക്ഷിതരാണ്.
വനത്തിൽ നിന്നും ആറു കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത് നിന്നാണു സ്ത്രീകളെ കണ്ടെത്തിയത്. സ്ത്രീകളുടെ ആരോഗ്യനില സംബന്ധിച്ച പ്രശ്നങ്ങളൊന്നുമില്ല. നടന്നു വേണം കാട്ടിനു പുറത്തേക്ക് ഇവരെ എത്തിക്കേണ്ടത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മൂന്നു സ്ത്രീകളെ വനത്തിൽ കാണാതായത്. പശുക്കളെ കണ്ടെത്താനായി ഉച്ചയ്ക്ക് ഒരു മണിയോടെ ഇവർ വനത്തിനുള്ളിലേക്ക് പോവുകയായിരുന്നു.
പശു തിരിച്ചുവന്നിരുന്നു. പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ തങ്ങൾ ആനയുടെ മുന്നിലകപ്പെട്ട് പേടിച്ച് ചിതറിയോടിയതായി മായ ഭർത്താവിനെ മൊബൈൽ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മായയുടെ കൈവശമുള്ള മൊബൈലിൽനിന്ന് വൈകീട്ട് 4.15 വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. പാറപ്പുറത്ത് ഇരിക്കുകയാണെന്നും വരുമ്പോൾ ഒരുകുപ്പി വെള്ളവും കൊണ്ടുവരണമെന്നും പറഞ്ഞിരുന്നു. വനപാലകർ ഫോണിൽ പാറപ്പുറം ഏത് ഭാഗത്താണെന്ന് ചോദിച്ചെങ്കിലും സ്ഥലം കൃത്യമായി പറയാൻ ഇവർക്ക് സാധിച്ചിരുന്നില്ല. തിരച്ചിൽ നടത്തിയ നാട്ടുകാരിൽ ഒരാൾ 5-ന് ഫോണിൽ സംസാരിക്കുന്നതിനിടെ ഫോൺ ബന്ധം നിലച്ചതും ആശങ്കയായിരുന്നു.
മായ വ്യാഴാഴ്ച രാവിലെ പശുവിനെ അന്വേഷിച്ചുപോയി കണ്ടെത്താനാവാതെ വന്നതോടെയാണ് വൈകീട്ട് മൂന്ന് മണിയോടെ മറ്റ് രണ്ടുപേരെയും കൂട്ടി വീണ്ടും തേക്ക് പ്ലാന്റേഷനി (പഴയ മെഡിസിനൽ പ്ലാന്റേഷൻ) ലെ മുനിപ്പാറ ഭാഗത്തുകൂടി പ്ലാന്റേഷനിലേക്ക് പോയത്. വനാതിർത്തിയിലാണ് ഇവരുടെ വീട്. പശുവിനെ ബുധനാഴ്ച മുതൽ കാണാതായതാണ്. ഇതിനിടെ പശു തിരിച്ചെത്തിയതോടെയാണ് വീട്ടുകാർ ആശങ്കയിലായത്.
വനംവകുപ്പ് റെയ്ഞ്ച് ഓഫീസർ ആർ. സഞ്ജീവ്കുമാർ, കുട്ടംപുഴ സി.ഐ. പി.എ. ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ 15 പേർ വീതം അടങ്ങുന്ന മൂന്ന് സംഘങ്ങൾ വനത്തിന്റെ ആറുകിലോമീറ്റർ ചുറ്റളവിൽ രാത്രി വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും സ്ത്രീകളെ കണ്ടെത്താനായിരുന്നില്ല. കാണാതായവരെ തേടിപ്പോയ ഒരു തിരച്ചിൽ സംഘം സന്ധ്യയോടെ ആനയുടെ മുന്നിലകപ്പെട്ട് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്
