തൃശൂർ: നഗരത്തിൽ ഇന്ന് പുലികളിറങ്ങും. പുലിവീരൻമാരും പെൺപുലികളും കരിമ്പുലികളും കുട്ടിപ്പുലികളുമായി നഗരത്തിൽ വന്യതയുടെ താളം മുറുകും. 5 സംഘങ്ങളാണ് പുലികളെ അണിനിരത്തുന്നത്. സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നീ സംഘങ്ങളാണ് ഇറങ്ങുക. എന്നാൽ കോർപറേഷന്റെ മാനദണ്ഡം അനുസരിച്ചായിരിക്കണം പുലികളി. ഒരു സംഘത്തിൽ കുറഞ്ഞത് 35 പുലികൾ വേണം. 51 എണ്ണത്തിൽ കൂടാനും പാടില്ല. 5 സംഘങ്ങളിലും 51 വീതം പുലികളുണ്ട്. പെൺപുലികൾ ഇറങ്ങുന്നത് വിയ്യൂർ ദേശത്തു നിന്നാണ്.
സീതാറാം, കാനാട്ടുകര, അയ്യന്തോൾ പുലിക്കളി സംഘങ്ങൾ എംജി റോഡ് വഴിയാണ് റൗണ്ടിലേക്കു പ്രവേശിക്കുന്നത്. ആദ്യം സീതാറാമും രണ്ടാമത് കാനാട്ടുകരയും മൂന്നാമതായി അയ്യന്തോൾ ദേശവും നടുവിലാലിൽ എത്തും. ശക്തൻ പുലിക്കളി സംഘം ശക്തൻ മാർക്കറ്റ് ഭാഗത്തു നിന്ന് എംഒ റോഡ് വഴി വന്നു റൗണ്ടിൽ പ്രവേശിക്കും. ശേഷം ഇടത്തോട്ടു രാഗം തിയറ്ററിന്റെ ഭാഗത്തേക്കു തിരിഞ്ഞുപോകും. വിയ്യൂർ ദേശം വടക്കേ സ്റ്റാൻഡ് ഭാഗത്തു നിന്ന് ബിനി ടൂറിസ്റ്റ് ഹോമിനു സമീപം വന്ന് ഇടത്തോട്ടു തിരിയും.ഇങ്ങനെ ആയിരിക്കും വിവിധ പുലിക്കളി സംഘങ്ങളുടെ വരവ്
