ക്രിസ്ത്യൻ പ്രാർത്ഥനയിൽ പങ്കെടുത്തതിന്റെ പേരിൽ ജീവനക്കാരനെ തിരുപ്പതി ദേവസ്വം സസ്പെൻഡ് ചെയ്തു

തിരുമല: ക്രിസ്ത്യൻ പ്രാർത്ഥനയിൽ പങ്കെടുത്തതിന്റെ പേരിൽ ജീവനക്കാരനെ തിരുപ്പതി ദേവസ്വം സസ്പെൻഡ് ചെയ്തു. തിരുപ്പതി ദേവസ്വം അസിസ്റ്റൻഡ് എക്സിക്യുട്ടിവ് ഓഫിസറായ എ.രാജശേഖർ ബാബുവിനെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ഹിന്ദുമത വിശ്വാസം പിന്തുടരുന്നവർക്ക് മാത്രമാണ് തിരുപ്പതി ദേവസ്വത്തിൽ ജോലിക്ക് അർഹത എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജശേഖർ ബാബു എല്ലാ ഞായറാഴ്ച്ചകളിലും ക്രിസ്ത്യൻ പ്രാർത്ഥനയിൽ പങ്കെടുക്കുന്നു എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.


തിരുപ്പതി ദേവസ്വം ജീവനക്കാർക്കായുള്ള സർവീസ് നിയമത്തിൽ ‘ഹിന്ദുമതം പിന്തുടരുന്നവർക്ക് മാത്രമാണ് തിരുപ്പതി ദേവസ്വത്തിൽ ജോലി ചെയ്യാൻ അർഹതയുള്ളത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല, ഹിന്ദു ധർമങ്ങൾ അനുസരിച്ച് ജീവിക്കുന്നവരാകണം ജീവനക്കാരെന്നും ഹൈന്ദവേതര ആചാരങ്ങളിൽ നിന്നും ജീവിതരീതികളിൽ നിന്നും ഒഴിഞ്ഞ് നിൽക്കണമെന്നും 2007 ൽ കൂട്ടിച്ചേർത്ത ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് വിരുദ്ധമായി പ്രവർത്തിച്ചതായി തെളിഞ്ഞാൽ മതിയായ നടപടികൾ സ്വീകരിക്കാൻ ദേവസ്വത്തിന് അധികാരമുണ്ടായിരിക്കുമെന്നും സർവീസ് റൂളിൽ വിശദീകരിക്കുന്നു.

തിരുപ്പതി ജില്ലയിലെ പുത്തൂരിലെ നാട്ടിലെത്തി രാജശേഖർ ബാബു പതിവായി ക്രിസ്ത്യൻ പ്രാർഥനയിൽ ഞായറാഴ്ചകളിൽ പങ്കുചേരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ക്ഷേത്രഭരണ സമിതി പ്രസ്താവനയിൽ അറിയിച്ചു. ഹിന്ദുമതാചാരങ്ങൾ പിന്തുടരുന്ന ട്രസ്റ്റിൻറേതായ ചിട്ടവട്ടങ്ങൾ പാലിക്കുന്നതിൽ രാജശേഖർ വീഴ്ച വരുത്തിയെന്നും ഇത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. രാജശേഖർ നാട്ടിൽ പ്രാർഥനകളിൽ പങ്കെടുക്കുന്നതിൻറെ വിഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഹൈന്ദവാചാര പ്രകാരം മുന്നോട്ടു പോകുന്ന ട്രസ്റ്റിൻറെ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാലാണ് രാജശേഖറിനെതിരെ നടപടിയെടുത്തത് എന്ന് ദേവസ്വം വ്യക്തമാക്കുന്നു.

അന്യമത പ്രാർത്ഥനയിൽ പങ്കെടുത്തിന്റെ പേരിൽ ഇതാദ്യമായല്ല ജീവനക്കാർക്കെതിരെ തിരുപ്പതി ദേവസ്വം നടപടി സ്വീകരിക്കുന്നത്. മുമ്പ് പതിനെട്ടോളം ജീവനക്കാരെ തിരുപ്പതി ദേവസ്വം സ്ഥലംമാറ്റിയിരുന്നു. അധ്യാപകരും സാങ്കേതിക വിഭാഗം ജീവനക്കാരും, നഴ്സുമാരും ഉൾപ്പടെയുള്ളവർക്കെതിരെയാണ് അന്ന് നടപടിയെടുത്തത്. ഹിന്ദു മതാചാര പ്രകാരം പ്രവർത്തിക്കുന്ന സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ് തിരുപ്പതി ദേവസ്വം. വിജിലൻസ് അന്വേഷണത്തിൻറെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് നടപടി സ്വീകരിച്ചതെന്നും ദേവസ്വം വിശദീകരിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: