കോഴിക്കോട്: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഡോക്ടർക്ക് ദാരുണാന്ത്യം. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു കണ്ണൂർ റീജനൽ പബ്ലിക് ഹെൽത്ത് ലാബിലെ കൺസൽറ്റന്റ് ഡോ. എം.സുജാത. ഇന്ന് രാവിലെ പത്തേകാലോടെയാണ് സംഭവം.
കണ്ണൂരിലേക്കു പോകാനായി ഇവർ സ്റ്റേഷനിലെത്തിയപ്പോൾ എറണാകുളം– കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് അവിടെ നിന്ന് പുറപ്പെടുകയായിരുന്നു. കയറാൻ നോക്കിയപ്പോൾ ആർപിഎഫ് ഉദ്യോഗസ്ഥൻ തടഞ്ഞു. ഡോക്ടറെ ബെഞ്ചിലിരുത്തി. ഉടനെ ട്രെയിൻ പതുക്കെയായപ്പോൾ ഇവർ ഓടി കയറുകയായിരുന്നു.
വീഴാൻ പോകവേ യാത്രക്കാരും ആർപിഎഫ് ഉദ്യോഗസ്ഥനും ചേർന്ന് താങ്ങി നിർത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഡോക്ടർ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണു. ഉടനെ പുറത്തെടുത്തു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. റെയിൽവേ പൊലീസ് തുടർ നടപടി സ്വീകരിച്ച മൃതദേഹം മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്മോർട്ടം നടത്തി.
വി.ജനാർദ്ദനൻകോഴിക്കോട് ബീച്ച് ആശുപത്രി വളപ്പിലെ ആർപിഎച്ച് ലാബിലെ സീനിയർ മെഡിക്കൽ ഓഫിസറായിരുന്ന ഇവർ കഴിഞ്ഞ ജൂണിലാണ് കണ്ണൂരിലേക്ക് പോയത്. മണലായ രുഗ്മിണി കോവിലമ്മയുടെയും പരേതനായ വി.ജനാർദ്ദനൻ ഏറാടിയുടെയും മകളാണ്. ഭർത്താവ്: പി.ടി.ശശിധരൻ (സയന്റിസ്റ്റ്, കോഴിക്കോട് എൻഐഇഎൽഐടി). മക്കൾ: ജയശങ്കർ (സോഫ്റ്റ്‌വെയർ എൻജിനീയർ ബെംഗളൂരു), ജയകൃഷ്ണൻ (എൻജിനീയറിങ് വിദ്യാർഥി, സ്വീഡൻ). സഹോദരൻ: ഡോ. എം.സുരേഷ് (ഐഐടി, ചെന്നൈ). സംസ്കാരം ഇന്നു (9) വൈകിട്ട് 3ന് മാങ്കാവ് ശ്മശാനം.
