കോഴിക്കോട്: മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് 90ാം പിറന്നാൾ. ജീവിതാനുഭവങ്ങളെ, മനസ്സിന്റെ ഉലയിൽ ഊതിക്കാച്ചി, അനശ്വരമായ നിരവധി ക്ലാസിക് സൃഷ്ടികൾക്ക് ഇന്ധനമാക്കിയ അനുഗ്രഹീതനായ എഴുത്തുകാരനാണ് എംടി. വീട്ടിലും നാട്ടിലും എംടി കണ്ടുപരിചയിച്ച പല മനുഷ്യരും കഥാപാത്രങ്ങളായി ആ തൂലികയിലൂടെ പിറവിയെടുത്തു. കഥകളുടെ ഒരു കണ്ണാന്തളിപ്പൂക്കാലമായിരുന്നു എംടിയുടെ എഴുത്ത്. ജീവിതത്തിന്റെ നിസഹായതക്കും പ്രസാദാത്മകതക്കുമിടയിലെ ലോകത്തെപ്പറ്റിയാണ് അദ്ദേഹം എഴുതിയത്. വറുതിക്കും സമൃദ്ധിക്കുമിടയിലെ ജീവിതത്തിന്റെ നേർമ്മയറിഞ്ഞ ബാല്യകാലത്തെപ്പറ്റിയുള്ള തീക്ഷ്ണമായ ഓർമ്മകൾ എംടിയുടെ എഴുത്തിലെ കരുത്തായി. തൊണ്ണൂറാം പിറന്നാൾ ദിനത്തിൽ സാംസ്കാരിക കേരളം എംടിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുകയാണ്.
1933 ജൂലൈ 15ന് (1108 കര്‍ക്കിടകം 25 ഉത്രട്ടാതി) കൂടല്ലൂരിലാണ് എം ടിയുടെ ജനനം. അച്ഛൻ ടി നാരായണന്‍ നായര്‍, അമ്മ തെക്കേപ്പാട്ട് അമ്മാളുഅമ്മ. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് അദ്ദേഹം ബിരുദം പൂർത്തിയാക്കി. 23ാം വയസ്സിലാണ് എം ടി തന്റെ ആദ്യ നോവലായ നാലുകെട്ട് എഴുതിയത്.ബിരുദം നേടുമ്പോള്‍ രക്തം പുരണ്ട മണ്‍തരികളെന്ന കഥാസമാഹാരം എംടിയുടെ പേരിലുണ്ടായിരുന്നു. കാലത്തിലെ സേതുവും അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയും, രണ്ടാമൂഴത്തിലെ ഭീമനും മുന്നില്‍ മലയാള വായനാലോകം പിന്നെയും അലിഞ്ഞു. കാത്തിരിപ്പിന്‍റെ കഥ പറഞ്ഞ മഞ്ഞും, എഴുത്തിലും കടല്‍കടന്നുപോയ ഷെര്‍ലക്കുമെല്ലാം എംടിയുടെ കീര്‍ത്തിമുദ്രാകളാണ് ഇപ്പോഴും. തന്‍റെ വരുതിയില്‍ വായനക്കാരനെ നിര്‍ത്താന്‍ എഴുത്തുശൈലി തന്നെയായിരുന്നു എംടിയുടെ കൈമുതല്‍. അത് ഹൃദയത്തോട് സംസാരിച്ചു.
എഴുതുക മാത്രമല്ല, എഴുത്തുകാരെ വളര്‍ത്തുകയും ചെയ്തു. ഗദ്യസാഹിത്യത്തെ ജനപ്രിയമാക്കിയ വലിയ വിപ്ലവം ആധുനിക മലയാള സാഹിത്യത്തില്‍ കൊണ്ടുവന്നത് എംടിയായിരുന്നു. പുരാണങ്ങളെ പുനരാഖ്യാനം ചെയ്ത് ഇതിഹാസമായി മാറിയ എഴുത്തുകാരനായി എംടി. മഹാമൗനത്തിന്‍റെ വാത്മീകത്തിലിരിക്കുമ്പോഴും മനുഷ്യന്‍റെ ആത്മസംഘര്‍ഷങ്ങളുടെ അടരുകള്‍ തേടുകയാണ് എംടി വാസുദേവൻ നായർ ഇപ്പോഴും. എഴുത്തിന്‍റെ, അഹങ്കാര പൂര്‍ണമായ ഒരാത്മവിശ്വാസത്തെ, ആദരവോടെ നമ്മളിന്നും വിളിക്കുന്നതാണ്.
എംടി.കഥാസമാഹാരങ്ങൾ
രക്‌തം പുരണ്ട മൺതരികൾ , വെയിലും നിലാവും , വേദനയുടെ പൂക്കൾ , നിന്റെ ഓർമയ്‌ക്ക് , ഓളവും തീരവും , ഇരുട്ടിന്റെ ആത്മാവ് , കുട്ട്യേടത്തി , നഷ്‌ടപ്പെട്ട ദിനങ്ങൾ , ബന്ധനം , പതനം , കളിവീട് , വാരിക്കുഴി , എം.ടിയുടെ തിരഞ്ഞെടുത്ത കഥകൾ , ഡാർ-എസ്-സലാം , അജ്‌ഞാതന്റെ ഉയരാത്ത സ്‌മാരകം , അഭയം തേടി വീണ്ടും , സ്വർഗം തുറക്കുന്ന സമയം , വാനപ്രസ്‌ഥം , ഷെർലക് .
നോവലുകൾ
നാലുകെട്ട് , പാതിരാവും പകൽവെളിച്ചവും , അറബിപ്പൊന്ന് (എൻ.പി. മുഹമ്മദിനൊപ്പം) , അസുരവിത്ത് , മഞ്ഞ് , കാലം , വിലാപയാത്ര , രണ്ടാമൂഴം , വാരാണസി.
ബാലസാഹിത്യം
മാണിക്യക്കല്ല് , ദയ എന്ന പെൺകുട്ടി,, തന്ത്രക്കാരി.
നാടകം
ഗോപുരനടയിൽ
യാത്രാവിവരണം
മനുഷ്യർ നിഴലുകൾ, ആൾക്കൂട്ടത്തിൽ തനിയെ , വൻകടലിലെ തുഴൽവള്ളക്കാർ
സാഹിത്യപഠനങ്ങൾ
കാഥികന്റെ പണിപ്പുര, ഹെമിങ്‌വേ-ഒരു മുഖവുര , കാഥികന്റെ കല.
ലേഖനങ്ങൾ
കിളിവാതിലിലൂടെ , ഏകാകികളുടെ ശബ്‌ദം , രമണീയം ഒരു കാലം , സ്നേഹാദരങ്ങളോടെ,
വിവർത്തനങ്ങൾ
ജീവിതത്തിന്റെ ഗ്രന്ഥത്തിൽ എഴുതിയത്, പകർപ്പവകാശനിയമം,
പ്രഭാഷണങ്ങൾ
വാക്കുകളുടെ വിസ്‌മയം
അവാർഡുകൾ
കേരള സാഹിത്യ അക്കാദമി അവാർഡ് (നാലുകെട്ട്-1959, ഗോപുരനടയിൽ-’78, സ്വർഗം തുറക്കുന്ന സമയം-’81), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (കാലം-’70), വയലാർ അവാർഡ് (രണ്ടാമൂഴം-’84), മുട്ടത്തുവർക്കി അവാർഡ് (’94), ഓടക്കുഴൽ അവാർഡ് (’94), പത്മരാജൻ പുരസ്‌കാരം (’95, ’99), ജ്‌ഞാനപീഠ പുരസ്‌കാരം (’96), പ്രേംനസീർ അവാർഡ് (’96), കാലിക്കറ്റ്, എം.ജി. സർവകലാശാലകളുടെ ഡി.ലിറ്റ് ബഹുമതി (’96), എൻ.വി. സാഹിത്യ പുരസ്‌കാരം (2000), എം.കെ.കെ. നായർ പുരസ്‌കാരം (2000), ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം (2001), അക്കാഫ്-എയർ ഇന്ത്യ അവാർഡ് (2001). മികച്ച തിരക്കഥയ്‌ക്ക് ആറു തവണ ദേശീയ ചലച്ചിത്ര അവാർഡ് നേടി (നിർമാല്യം, കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം, ഒരു ചെറുപുഞ്ചിരി). കഥയ്‌ക്കും തിരക്കഥയ്‌ക്കും സംവിധാനത്തിനുമായി 22 തവണ സംസ്‌ഥാന ചലച്ചിത്ര അവാർഡും നാലു ടി വി അവാർഡും. മലയാള സിനിമയ്‌ക്കു നൽകിയ സമഗ്രസംഭാവനയ്‌ക്കു ഫിലിം ഫെയർ, സിനിമാ എക്‌സ്‌പ്രസ് അവാർഡുകളും ലഭിച്ചു.
മറ്റു ബഹുമതികൾ: കേരള സാഹിത്യ അക്കാദമി, തുഞ്ചൻ സ്‌മാരക ഗവേഷണകേന്ദ്രം എന്നിവയുടെ അധ്യക്ഷനായിരുന്നു. ആദ്യചിത്രമായ ‘നിർമാല്യ’ത്തിനു രാഷ്‌ട്രപതിയുടെ സ്വർണമെഡൽ. ‘കടവ്’ സിംഗപ്പൂർ ഫിലിം ഫെസ്‌റ്റിവലിൽ പ്രത്യേക ജൂറി അവാർഡും ജപ്പാനിലെ ഒകോയാമ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രി ബഹുമതിയും നേടി. ജക്കാർത്തയിലെ സിട്ര അവാർഡ് മറ്റൊരു നേട്ടം. ’98 ൽ ഇന്ത്യൻ പനോരമ ജൂറിയുടെയും ചലച്ചിത്രഗ്രന്ഥങ്ങൾക്കുള്ള ദേശീയ അവാർഡ് ജൂറിയുടെയും അധ്യക്ഷനായി. ഫീച്ചർ ചിത്രങ്ങൾക്കും ഹ്രസ്വചിത്രങ്ങൾക്കുമുള്ള ദേശീയ അവാർഡ് ജൂറി, കേരളത്തിന്റെ അഞ്ചാമതു രാജ്യാന്തര ചലച്ചിത്രമേളയിലെ ചലച്ചിത്രോൽസവം ജൂറി, കേന്ദ്ര സെൻസർ ബോർഡ്, ഫിലിം ഫിനാൻസ് കോർപ്പറേഷൻ, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നിവയിൽ അംഗമായിട്ടുണ്ട്. ‘മാക്‌ട’ മേഖലാ ചെയർമാൻ സ്‌ഥാനവും വഹിച്ചു.
നിളയുടെ കഥാകരന് ഇന്ന് നവതി
