കാൽപന്തിന്റെ മിശിഹ: ലയണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ

കാൽപന്തിന്റെ മിശിഹ ലയണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ.

ലോകകപ്പെന്ന വലിയ സ്വപ്‌നവും നേടിയതോടെ ഏറ്റവും ആശ്വാസത്തോടെ, ആസ്വാദിച്ച് പന്തു തട്ടുന്ന മെസ്സിയെയാണ് ഈ കോപ്പയിൽ ലോകം കാണുന്നത്. ഫുട്ബോൾ മിശിഹ ലിയോണൽ ആന്ദ്രേസ് മെസ്സി പിറവി കൊണ്ട ദിനം. താരം ഇപ്പോൾ പന്തു തട്ടുന്നത് ഇന്റർമയാമിയിലാണ്.

ഹോർമോൺ കുറവിൽ ഇനിയും ഉയരം വക്കില്ലെന്ന് ഭിഷ്വഗരന്മാർ വിധിച്ച ബാലൻ ലോകത്തോളം ഉയർന്ന കഥയ്ക്ക്സമാനതകളില്ല. ഒരു തുകൽ പന്ത് കാലിൽ കൊരുത്ത് അവൻ കാണിച്ച ഇന്ദ്രജാലങ്ങളെ വർണിക്കാൻ കവിതകളോ, വാക്കുകളോ പോരാതെ വരും 1987 ജൂൺ 24ന് അർജൻ്റീനയിലെ റൊസാരിയോയിൽ ജനനം. ജീവിതവും കരിയറും കെട്ടിപ്പടുക്കാൻ ബാഴ്‌സലോണയിലേക്കുള്ള കുടിയേറ്റം. ലാ മാസിയയിൽ പയറ്റിത്തെളിഞ്ഞ് കറ്റാലൻപടയുടെ അമരക്കാരനായി. ബാലൻ ഡി ഓറും, ഫിഫ പുരസ്‌കാരങ്ങളും ക്ലബിനായി കിരീടങ്ങളും വാരിക്കൂട്ടുമ്പോഴും രാജ്യത്തിനായി ഒന്നും ചെയ്യാത്തവനെന്ന ചീത്തപ്പേരും പേറേണ്ടി വന്നു കുറേ കാലം

ഒടുവിൽ മാരക്കായിൽ ബ്രസീലിനെ തകർത്ത് അർജൻ്റീനയുടെയും തന്റെയും കാത്തിരിപ്പ് അവസാനിപ്പിച്ചു. പിന്നാലെ ഫിനാലിസിമ കിരീടം. ഒടുവിൽ ആ അവതാര ഉദ്ദേശം പൂർത്തികരിച്ചുകൊണ്ട് ആരാധകരുടെ കണ്ണും മനസും നിറച്ച് വിശ്വകിരീടനേട്ടം. മറ്റൊരു കോപ്പ കാലമെത്തുമ്പോൾ മെസ്സിക്കും അനുചരന്മാർക്കും ആശങ്കകളൊന്നുമില്ല. മെസ്സി ആസ്വാദിച്ച് പന്ത് തട്ടുമ്പോൾ നെഞ്ചിടിപ്പില്ലാതെ ആരാധകരും അതിനൊപ്പം ചേരുന്നു. 2026ലെ ലോകകപ്പിന് മെസ്സിയുണ്ടാകുമോയെന്ന ചോദ്യത്തിനാണ് ഇനിയുത്തരം കിട്ടേണ്ടത്. താരം സസ്പെൻസ് തുടരുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: