തിരുവല്ലത്തെ ടോള്‍ വര്‍ധന ഒഴിവാക്കണം; നിതിന്‍ ഗഡ്കരിയ്ക്ക് കത്തയച്ച് മന്ത്രി ആന്റണി രാജു

തിരുവല്ലത്തെ ടോള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് കത്തയച്ച് മന്ത്രി ആന്റണി രാജു. അശാസ്ത്രീയ ടോള്‍ നിരക്ക് വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. നിരക്ക് വര്‍ധന കേരളത്തോടുള്ള അവഗണനയെന്നും മന്ത്രി പറഞ്ഞു. നിലവിലുളള ടോള്‍ പ്ലാസ വിനോദസഞ്ചാരകേന്ദ്രമായ കോവളത്തിന് തെക്കുഭാഗത്തേക്ക് മാറ്റണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചു.സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയപാതയിലെ ടോള്‍ പിരിവ് സംവിധാനം പരിഷ്‌കരിക്കുന്നതിലൂടെ തിരുവല്ലത്തെ ടോള്‍ നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ടോള്‍ പ്ലാസ കോവളത്തിന് തെക്ക് ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കണമെന്നും കത്തിലൂടെ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ബില്‍ഡ് ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തില്‍ നിലവില്‍ ടോള്‍ പിരിക്കുന്നത് മാറ്റി ടോള്‍ ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ വ്യവസ്ഥയിലേക്ക് മാറ്റുന്നത് നിരക്ക് ഗണ്യമായി വര്‍ദ്ധിക്കുവാന്‍ ഇടയാക്കും. തിരുവനന്തപുരം നഗരവാസികള്‍ ദിവസേന കടന്നുപോകുന്ന തിരുവല്ലത്തെ അശാസ്ത്രീയ ടോള്‍ നിരക്ക് വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കോവളത്തേക്ക് യാത്ര ചെയ്യുവാന്‍ ഓരോ പ്രാവശ്യവും വലിയ തുക ചെലവഴിക്കേണ്ടി വരുന്നത് കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായത്തിന് തന്നെ ഭീഷണിയാകും. ഈ സാഹചര്യമൊഴിവാക്കാനാണ് നിലവിലുള്ള ടോള്‍ പ്ലാസ കോവളത്തിന് തെക്കുഭാഗത്തേക്ക് മാറ്റുന്നത് പരിഗണിക്കാന്‍ അഭ്യര്‍ത്ഥിച്ചതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: