തിരുവനന്തപുരം: ഐടിഐകളിലെ പഠന ദിവസം അഞ്ചാക്കണമെന്ന് ആവശ്യപ്പെട്ട് എഐഎസ്എഫ് സംസ്ഥാനത്തെ ഐടിഐകളിൽ നാളെ പഠിപ്പ് മുടക്കും.
ഐടികളിലെ പരിശീലന മേൽനോട്ടം വഹിക്കുന്ന കേന്ദ്രസർക്കാരിന് കീഴിലെ ഡിജിടി 2022 മുതൽ ഒരു വർഷത്തെ പാഠ്യ സമയം 1600 മണിക്കൂറിൽ നിന്നും1200 മണിക്കൂർ ആക്കി കുറച്ചിരുന്നു.
കേരളത്തിലെ ഐടിഐ കൾ നിലവിൽ ശനിയാഴ്ച ഉൾപ്പെടെ ആഴ്ചയിൽ 6 ദിവസം ആണ് പ്രവർത്തിച്ചുവരുന്നത്. കേരളത്തിന് പുറത്തുള്ള മിക്ക സംസ്ഥാനങ്ങളിലും ആഴ്ചയിൽ അഞ്ചു ദിവസമാണ് ഐടിഐ പ്രവർത്തിക്കുന്നത്. ഡിജിടി ഐടിഐ പരിശീലന സമയം 1200 മണിക്കൂറാക്കി ചുരുക്കിയ സാഹചര്യത്തിൽ ഐടിഐ കളിൽ ശനിയാഴ്ച അവധി അനുവദിച്ച് ആഴ്ചയിൽ 5 പ്രവർത്തി ദിവസം എന്ന രീതിയിൽ പുനക്രമീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് ബന്ദ് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ വിഎച്ച്എസ്ഇ കളിൽ സിലബസ് പ്രകാരം സമയം കുറച്ച സമാന സാഹചര്യമുണ്ടായപ്പോൾ വിഎച്ച്എസ്ഇകൾക്ക് ശനിയാഴ്ച അവധി അനുവദിക്കുകയുണ്ടായി.
ഒരു മന്ത്രിക്ക് കീഴിലുള്ള രണ്ടു വകുപ്പുകളിൽ സമാന സാഹചര്യത്തിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത് .ഡിജിടി സിലബസ് പ്രകാരം നിർദ്ദേശിച്ച 1200 മണിക്കൂർ പരിശീലനം പൂർത്തിയാക്കുന്നതിന് ആഴ്ചയിലെ അഞ്ച് പ്രവർത്തി ദിവസങ്ങൾ മതിയാകും. ആയതിനാൽ ഐടിഐ കളിലെ പഠന ദിനങ്ങൾ അഞ്ചായി കുറക്കും വരെ സമരം തുടരുമെന്നും ഇന്നത്തെ വിദ്യാഭ്യാസ ബന്ദിന് എല്ലാ വിദ്യാർത്ഥികളുടെയും പിന്തുണ ഉണ്ടാകണമെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് ആർ എസ്സ് രാഹുൽ രാജും സെക്രട്ടറി പി കബീറും അഭ്യർത്ഥിച്ചു.

