തിരുവനന്തപുരം: വർക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ ടൂറിസം ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് വർക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 15 പേർക്ക് പരിക്കറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ശക്തമായ തിരയിൽ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിൻറെ കൈവരി തകരുകയായിരുന്നു.
അതേസമയം, സംഭവത്തിൽ മുഹമ്മദ് റിയാസ് മറുപടി പറയണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ പാലിച്ചാണോ ബ്രിഡ്ജ് സ്ഥാപിച്ചതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട വി മുരളീധരൻ, വിനോദ സഞ്ചാരത്തിൻറെ പേരിൽ സർക്കാർ ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയാണെന്ന് കുറ്റപ്പെടുത്തി.
നേരത്തെയും ഫ്ലോട്ടിങ് ബ്രിഡ്ജിൽ അപകടമുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് രണ്ടായി വേർപ്പെട്ട് അപകടമുണ്ടായിരുന്നു. തിരക്ക് കുറവായതിനാലാണ് അന്ന് വൻ അപകടം ഒഴിവായത്. ഫ്ലോട്ടിങ് ബ്രിഡ്ജിൻറെ ഒരുഭാഗം വേർപ്പെട്ടുപോവുകയായിരുന്നു. ചാവക്കാട് ടൂറിസം രംഗത്ത് വലിയ മാറ്റം കൊണ്ടുവരുമെന്ന് കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഫ്ലോട്ടിങ് ബ്രിഡ്ജാണ് ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസത്തിനകം തകർന്നത്.

