ടിപി ചന്ദ്രശേഖരൻ വധക്കേസ്; അപ്പീലുകളിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള വിവിധ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികളും, കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരും നൽകിയ ഹർജികൾ കോടതി പരിഗണിക്കും. സിപിഎം നേതാവ് പി മോഹനനെ വിട്ടയച്ചതിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നൽകിയ അപ്പീലിലും കോടതി വിധി പ്രസ്താവിക്കും.

രാവിലെ 10.15 ന് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറയും. എഫ്‌ഐആറിൽ ഇല്ലാത്ത പലരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തി. അതിനു പിന്നിൽ രാഷ്ട്രീയഗൂഢാലോചന നടന്നിട്ടുണ്ട്. അതിനാൽ തങ്ങൾക്കെതിരായ ശിക്ഷാ വിധി റദ്ദാക്കണമെന്ന് പ്രതികൾ അപ്പീലിൽ ആവശ്യപ്പെടുന്നു. അതേസമയം ചില പ്രതികൾക്ക് നൽകിയ ശിക്ഷ കുറഞ്ഞുപോയെന്നും, പരമാവധി ശിക്ഷ നൽകണമെന്നുമാണ് സർക്കാരിന്റെ അപ്പീലിൽ ആവശ്യപ്പെടുന്നത്.

സിപിഎമ്മിന്റെ ഉന്നത നേതാക്കൾ അറിഞ്ഞു കൊണ്ടുള്ള രാഷ്ട്രീയക്കൊലപാതകമാണ് ടിപി ചന്ദ്രശേഖരന്റേത്. ഇതിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിൽ ഉൾപ്പെട്ടിട്ടുള്ള സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചത് റദ്ദാക്കണം. ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുള്ളവരെ കൂടി വിചാരണ ചെയ്യണമെന്നും കെ കെ രമ ഹർജിയിൽ ആവശ്യപ്പെടുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: