പരിവാഹന്‍ സൈറ്റില്‍ ഫോണ്‍ നമ്പര്‍ ചേര്‍ത്തില്ലേ?; ഉടന്‍ ചെയ്യുക; മുന്നറിയിപ്പുമായി മന്ത്രി

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരില്‍ ആരെങ്കിലും പണം ആവശ്യപ്പെട്ട് വന്നാല്‍ കൊടുക്കരുതെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഈ സര്‍ക്കാര്‍ അഴിമതിക്കെതിരാണ്. അഴിമതി നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരില്‍ ആരെങ്കിലുമോ ഏജന്‍സികളോ പണം ആവശ്യപ്പെട്ട് വന്നാല്‍ കൊടുക്കരുത്.

കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്.ഇത്തരത്തില്‍ ആരെങ്കിലും സമീപിച്ചാല്‍ പരാതി നല്‍കാന്‍ ടോള്‍ ഫ്രീ നമ്പര്‍ വരുന്നുണ്ട്.

ഉടന്‍ തന്നെ ഈ നമ്പര്‍ യാഥാര്‍ഥ്യമാകും. ഇതില്‍ വിളിച്ച് പരാതിപ്പെടാനുള്ള സംവിധാനമാണ് ഒരുക്കാന്‍ പോകുന്നത്. നടപടിയില്‍ യാതൊരുവിധ വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.

‘ലൈസന്‍സ് എടുക്കാനും മറ്റും ഫീസ് അടയ്ക്കാറുണ്ട്. ഫീസില്‍ കവിഞ്ഞ ഒരു പൈസയും കൊടുക്കരുത്. ഇടനിലക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞ് വാങ്ങാന്‍ ശ്രമിക്കും. കൊടുക്കരുത്. ഇടനിലക്കാരെ ഒഴിവാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പലപ്പോഴും ഏജന്റുമാരോ ഡീലര്‍മാരോ ആയിരിക്കാം.

ഇവര്‍ വാഹനം മേടിച്ച ആളുകളുടെ ഫോണ്‍ നമ്പര്‍ ആയിരിക്കില്ല പലപ്പോഴും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കൊടുക്കുക. അതുകൊണ്ട് വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആ നമ്പറിലേക്ക് ആയിരിക്കും പോകുക. ഫൈന്‍ സംബന്ധമായോ മറ്റു കാര്യങ്ങളോ അറിയാതെ പോകും. ഇക്കാര്യം ശ്രദ്ധിക്കണം. അല്ലെങ്കില്‍ എന്തെങ്കിലും കേസുമായി ബന്ധപ്പെട്ട് വലിയ പിഴ ഒടുക്കേണ്ടതായി വരാം.

വാഹന്‍ സൈറ്റില്‍ നിങ്ങളുടെ നമ്പര്‍ തെറ്റായി കാണിച്ചാല്‍ ഫൈന്‍ ആകട്ടെ, എന്തു വിവരങ്ങളുമാകട്ടെ, അത് ആ തെറ്റായ നമ്പറിലേക്ക് ആണ് പോകുക. വാഹനം മേടിച്ചപ്പോള്‍ ഫോണ്‍ നമ്പര്‍ കൊടുത്ത ഡീലര്‍മാരും ഏജന്റുമാരും അത് അവഗണിച്ചെന്ന് വരാം. ഒടുവില്‍ വണ്ടിയുടെ ആവശ്യമായി മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫീസില്‍ പോകുമ്പോഴായിരിക്കും കാര്യങ്ങള്‍ അറിയുക.

ചിലപ്പോള്‍ ഫൈനായി വലിയൊരു തുക അടയ്‌ക്കേണ്ടതായി വന്നേക്കാം. എഐ കാമറ ഫൈന്‍ അടക്കം പലതും വരുന്നത് നിങ്ങളുടെ ഫോണ്‍ നമ്പറിലേക്ക് ആണ്. പരിവാഹന്‍ വെബ്‌സൈറ്റില്‍ വാഹന ഉടമ അവരുടെ നമ്പര്‍ ആഡ് ചെയ്യേണ്ടതാണ്. നമ്പര്‍ ചേര്‍ക്കാന്‍ ഇനിയും അവസരം തരാം.വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അയാളുടെ പേരിലേക്ക് വാഹനം മാറ്റിയെന്ന് ഉറപ്പാക്കാനും മറക്കരുത് എന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: