ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന നല്‍കിയ സംഭവം; കര്‍ശന നടപടിയ്ക്ക് ദേവസ്വം ബോര്‍ഡ്; നാല് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും

ദിലീപിന്റെ ശബരിമലയിലെ വിഐപി ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കര്‍ശന നടപടിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നാലുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് തീരുമാനം. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, 2 ഗാര്‍ഡുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡ് കര്‍ശന നടപടിക്കൊരുങ്ങുന്നത്.

ഈ നാലുപേരോട് വിശദീകരണം തേടിയ ശേഷം ശക്തമായ നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിശദമായ റിപ്പോര്‍ട്ട് ബോര്‍ഡിന് കൈമാറിയിട്ടുണ്ട്. പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് സന്നിധാനത്ത് വന്നതെന്ന കോടതിയുടെ ചോദ്യത്തിന് ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് ഇന്നലെ ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയിരുന്നു.

ഹരിവാസനം പാടുന്ന സമയത്തായിരുന്നു ദിലീപിന് ശബരിമലയില്‍ വിഐപി ദര്‍ശനത്തിന് വഴിയൊരുക്കിയിരുന്നത്. 10 മിനിറ്റിലേറെ മുന്‍ നിരയില്‍ തന്നെ നിന്ന് ദര്‍ശനം നടത്തിയ ദിലീപ് മറ്റ് ഭക്തരുടെ ദര്‍ശനത്തിനും ക്യൂ നീങ്ങുന്നതിനും തടസമുണ്ടാക്കിയെന്നായിരുന്നു ആരോപണം. ഹരിവരാസനം സമയത്ത് പരമാവധി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനാണ് ശ്രമിക്കേണ്ടതെന്ന് ഇന്നലെ ഹൈക്കോടതി ഓര്‍മിപ്പിച്ചിരുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്‍കാനും കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: