‘ ഭാരത് ഫണ്ടില്‍ നിന്ന് 8,000 കോടി രൂപ മോദിയുടെ പി ആര്‍ വര്‍ക്കിന് ഉപയോഗിച്ചു’; ഗുരുതര ആരോപണം

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗം സാകേത് ഗോഖലെ രംഗത്ത്. സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്ന് 8,000 കോടി രൂപ നരേന്ദ്രമോദിയുടെ പി ആര്‍ വര്‍ക്കിന് ഉപയോഗിച്ചു എന്നാണ് ആരോപണം. കേന്ദ്രസര്‍ക്കാരിന്റെ പല പരിപാടികളും മോദിയെ ഉയര്‍ത്തിക്കാട്ടുന്നതിന് വേണ്ടി മാത്രം സമര്‍പ്പിക്കപ്പെടുന്നതാണ്. അതിന് ഉപയോഗിക്കുന്നത് നികുതിദായകരുടെ പണമാണെന്നും സാകേത് ഗോഖലെ ആരോപിച്ചു.

സര്‍ക്കാരിന്റേതായുള്ള പ്രോഗ്രാമുകള്‍/ സ്‌കീമുകള്‍, പരസ്യങ്ങള്‍, പി ആര്‍ എന്നിവയ്ക്കുവേണ്ടി മാത്രം ചെലവഴിച്ച തുക അമ്പരപ്പിക്കുന്നതാണെന്ന് സാകേത് ഗോഖലെ പറഞ്ഞു. അധികാരത്തിലെത്തിയ 2014 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്കും പി ആര്‍ ക്യാംപെയ്‌നുകള്‍ക്കും മറ്റുമായി സ്വച്ഛ് ഭാരതിന്റെ ബജറ്റില്‍ നിന്നുള്ള 8,000 കോടി ചെലവഴിച്ചുവെന്ന് സാകേത് പറയുന്നു. മോദിയുടെ ഫോട്ടോകളും വീഡിയോകളും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ മാത്രം മഹത്വവത്ക്കരിക്കുന്നതാണെന്നും സാകേത് പറഞ്ഞു.

നോട്ട് അസാധുവാക്കലിന് ശേഷം പുതിയ കറന്‍സി നോട്ടുകളില്‍ പോലും സ്വച്ഛ് ഭാരത് എന്ന മുദ്ര പതിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന തരത്തിലായിരുന്നു മോദിയുടെ പി ആര്‍ വര്‍ക്കുകള്‍. മോദി ചെയ്യുന്നതുപോലെ ഇന്ത്യയിലെ മറ്റൊരു പാര്‍ട്ടിക്കോ അവരുടെ നേതാവിനോ വ്യക്തിഗത പി ആറിനായി കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഫണ്ട് ലഭിക്കാറില്ല. നികുതി വര്‍ധിപ്പിച്ച് മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം നികുതിക്കായി തട്ടിയെടുക്കുന്നു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പോലും മോദിയുടെ ഫോട്ടോ പതിപ്പിച്ചുള്ള പി ആര്‍ വര്‍ക്കാണ് നടന്നതെന്നും സാകേത് തുറന്നടിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: